SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.28 PM IST

സൈബർ കുറ്റകൃത്യങ്ങൾക്കായി കമ്പോഡിയയിലേക്ക് കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത്; പിന്നിൽ ചൈനക്കാർ

Increase Font Size Decrease Font Size Print Page

 അകപ്പെടുന്നവർക്ക് കൊടിയ പീഡനം

കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ കമ്പോഡിയയിലേക്ക് കേരളത്തിൽ നിന്ന് വൻതോതിൽ മനുഷ്യക്കടത്ത്. ചൈനീസ് പൗരൻമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈബർഷെൽട്ടറുകളിലേക്കാണ് മലയാളികളായ യുവതീ, യുവാക്കളെ വൻതോതിൽ കടത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ യുവ ഡോക്ടറിൽ നിന്ന് മാട്രിമോണിയൽ സൈറ്റിലൂടെ യുവതി എന്ന വ്യാജേന പരിചയപ്പെട്ട് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ആലപ്പുഴ അരൂർ സ്വദേശി സ‌ൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ.പി. ആദിൽ (22), മുഹമ്മദ് ഫൈസൽ (25) എന്നിവരെ കൊച്ചി സിറ്റി സൈബർ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. യുവ ഡോക്ടറെ കമ്പോഡിയയിൽ നിന്ന് യുവതിയെന്ന വ്യാജേന ബന്ധപ്പെട്ടത് സൂരജ് കൃഷ്ണയായിരുന്നു.

കേരളത്തിൽ നിന്ന് യുവതികളെയും യുവാക്കളെയും തായ്ലൻഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് കമ്പോഡിയയിൽ എത്തിക്കുന്നത്. അവിടെയെത്തിയാൽ ആദ്യം ഹോട്ടൽ ജോലികളും ഡെലിവറി ജോലികളും ചെയ്യുന്നതിന് വിസ തരപ്പെടുത്തി നൽകും. പിന്നീട് ആസൂത്രിത നീക്കങ്ങളിലൂടെ ചൈനീസ് പൗരൻമാർ നിയന്ത്രിക്കുന്ന സൈബർ ഷെൽട്ടറുകളിൽ എത്തിക്കും. തുട‌ർന്ന് നിർബന്ധിതമായി സൈബർകുറ്റകൃത്യങ്ങളുടെ ഭാഗമാക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. നാട്ടിൽ തിരിച്ചെത്തിയാൽ നേരിടേണ്ടി വരുന്ന സാമ്പത്തിക പരാധീനതകൾ മൂലം കേരളത്തിൽ നിന്നെത്തുന്നവർക്ക് പിൻമാറാൻ സാധിക്കാറില്ല.

സൈബർ മാഫിയയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കും ചെറുക്കുന്നവർക്കും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വരും. കമ്പോഡിയൻ തലസ്ഥാനമായി നോം പെൻ കേന്ദ്രമായിട്ടാണ് ചൈനക്കാർ നിയന്ത്രിക്കുന്ന സൈബർമാഫിയ സംഘം പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ അറസ്റ്റിനും ട്രേഡിംഗ് തട്ടിപ്പിനും ലോൺ ആപ്പ് ഉൾപ്പെടെ തട്ടിപ്പുകൾക്കും പിന്നിൽ ഈ സംഘമാണെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചൈനീസ് പൗരൻമാരുടെ നേതൃത്വത്തിൽ ഒരു കോർപ്പറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് സൈബർ ഷെൽട്ടറുകൾ പ്രവർത്തിക്കുന്നത്. ഇരകളെ ആകർഷിക്കുന്നതിനും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനും ചതിയിലൂടെ പണം നേടിയെടുക്കുന്നതിനും അക്കൗണ്ടിലെത്തുന്ന തുക ഉടൻ പിൻവലിക്കുന്നതിനും വിദഗ്ധ പരിശീലനമാണ് ഇവിടെ നൽകുന്നത്. ഇത്തരം പരിശീലനം ലഭിച്ച നൂറു കണക്കിന് ആൾക്കാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.