നെടുമ്പാശേരി: കോട്ടായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 80,150രൂപയും ജീവനക്കാർ രഹസ്യമായി സൂക്ഷിച്ച മദ്യവും കണ്ടെടുത്ത സംഭവത്തിൽ വിജിലൻസ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എം.ഡി 'കേരളകൗമുദി"യോട് പറഞ്ഞു.
അനധികൃത പണം കണ്ടെത്തിയതിനും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിനും പുറമെ മദ്യലഹരിയിലായിരുന്ന രണ്ട് ജീവനക്കാരെയും അനധികൃത ജോലിക്കാരായ രണ്ട് പേരെയും വിജിലൻസ് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ജീവനക്കാർക്കെതിരെയും അനധികൃത നിയമനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെ ആരംഭിച്ച മിന്നൽപരിശോധന ഞായറാഴ്ച പുലർച്ചെവരെ നീണ്ടിരുന്നു. വിദേശ മദ്യക്കമ്പനികളുടെ ഏജന്റുമാരിൽനിന്ന് ബിവറേജസ് ജീവനക്കാർ അനധികൃതമായി പണംകൈപ്പറ്റി അവരുടെ ബ്രാൻഡിന് കൂടുതൽ വില്പന ഉണ്ടാക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വർഗീസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെ നേതൃത്വത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
സർവീസിൽനിന്ന് വിരമിച്ച സഹപ്രവർകന്റെ യാത്രഅയപ്പ് പരിപാടിയുടെ ഭാഗമായിട്ടാണ് മദ്യപിച്ചതെന്നും സമീപത്തെ പെട്രോൾപമ്പിൽനിന്ന് നാണയം വാങ്ങിയതിന് തിരിച്ച് നൽകേണ്ട തുകയാണ് അധികമായി കണ്ടെത്തിയതെന്നുമായിരുന്നു ജീവനക്കാരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |