ചോറ്റാനിക്കര: എരുവേലി മാർക്കറ്റിനുള്ളിലെ മൃഗാശുപത്രി കുത്തിത്തുറന്ന് 54,260 രൂപ കവർന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഇന്നലെ ജോലിക്കെത്തിയ ജീവനക്കാർ ആശുപത്രിയുടെ താഴ് തകർത്ത നിലയിൽ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
മൃഗാശുപത്രിയുടെ ഗ്രിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഡോക്ടറുടെ മുറി കുത്തിത്തുറന്ന് ഓഫീസ് അലങ്കോലമാക്കി. അലമാരയിൽ കാലിത്തീറ്റ ഇനത്തിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മേശവലിപ്പിലുണ്ടായിരുന്ന 4,260 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
സമീപത്തെ പള്ളിയുടെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാത്രി 12-ന് ശേഷം ഒരു സ്കൂട്ടർ യാത്രക്കാരൻ വരികയും 1.30-ഓടെ മടങ്ങുകയും ചെയ്തതായി കണ്ടെത്തി. ചോറ്റാനിക്കര എസ്.എച്ച്.ഒ. ടോണി ജെ.മറ്റത്തിലിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
