SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.18 PM IST

സഭയിൽ ഭിന്നിപ്പിന് ബാഹ്യശക്തികളുടെ ഇടപെടലെന്ന പ്രസ്താവന ഗുരുതരം; അന്വേഷിക്കണമെന്ന് അതിരൂപത

Increase Font Size Decrease Font Size Print Page

കൊച്ചി: കുർബാനത്തർക്കത്തിന്റെ പേരിൽ സിറോമലബാർ സഭയിൽ ഭിന്നിപ്പുകളുണ്ടാക്കാൻ ബാഹ്യശക്തികൾ ഇടപെട്ടെന്ന ഭാരത കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയിൽ വിവാദം മുറുകി. ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രസ്‌താവനയ്‌ക്ക് അടിസ്ഥാനമായ കാര്യങ്ങൾ ആൻഡ്രൂസ് താഴത്ത് വിശദീകരിക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു.

അതീവ ഗൗരവസ്വഭാവമുള്ള പ്രസ്താവനയിൽ സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതികളിൽ സിറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമായിരുന്നെന്ന് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥൻ പറഞ്ഞെന്ന പ്രസ്താവനയെ തള്ളിക്കളയാവില്ലെന്ന് അതിരൂപത വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭാരത കത്തോലിക്ക സഭയുടെയും സിറോമലബാർ സഭയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ആൻഡ്രൂസ് താഴത്ത് നടത്തിയ പ്രസ്താവനയ്ക്ക് ആധാരമായി ആരാണ് കാര്യങ്ങൾ ധരിപ്പിച്ചതെന്നും എന്തൊക്കെ തെളിവുകൾ ലഭിച്ചെന്നും നിയമസംവിധാനങ്ങൾക്ക് മുമ്പിൽ പറയാൻ ആർച്ച് ബിഷപ്പ് കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനങ്ങൾ ഇക്കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണം. സഭാതലത്തിലും കൃത്യമായ അന്വേഷണങ്ങൾ നടത്താനും നിജസ്ഥിതി വെളിപ്പെടുത്താനും തയ്യാറാകണം.
മതാന്തരബന്ധങ്ങളെപ്പോലും ബാധിക്കുന്ന പ്രസ്താവന പൊതുസമൂഹത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുണ്ട്. സത്യമറിയാൻ പൊതുസമൂഹത്തിനും അവകാശമുണ്ട്. മതേതരരാജ്യത്ത് മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികൾ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സമൂഹത്തിന്റെ സുസ്ഥിതിക്ക് മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിന് എക്കാലവും പ്രാധാന്യം കൊടുത്തിട്ടുള്ള കത്തോലിക്കാസഭയുടെ പൊതുസമീപനം അതിരൂപത മുറുകെപ്പിടിച്ചിട്ടുണ്ട്. വ്യത്യസ്ത മതങ്ങളിലുള്ളവരുടെ സഹവർത്തിത്വ സംസ്‌കാരത്തെ ആദരവോടെ കാണാൻ പ്രതിജ്ഞാബദ്ധരുമാണ്. വിഷയത്തിൽ സത്വരനടപടികൾ സ്വീകരിക്കണമെന്ന് അതിരൂപത ആവശ്യപ്പെട്ടു.

ആൻഡ്രൂസ് താഴത്ത് പറഞ്ഞത്

സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും ക്രൈസ്തവരിൽ ഭീകരത വളർത്താൻ ഹിന്ദു തീവ്രവാദസംഘടനകളും ശ്രമിച്ചെന്നാണ് സഭയുടെ മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആൻഡ്രൂസ് താഴത്ത് പറഞ്ഞത്.

സഭയിലെ നിസാര അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പോപ്പലുർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളിൽ സിറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതും ഉൾപ്പെട്ടിരുന്നുവെന്നും അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ച അദ്ദേഹം പറഞ്ഞിരുന്നു.

TAGS: LOCAL NEWS, ERNAKULAM, ARCHBISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.