SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

അവസാന താമസക്കാരനും ഒഴിഞ്ഞു നാളെണ്ണി​ ആർമി​ ടവർ

Increase Font Size Decrease Font Size Print Page
army-tower

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ മാനംമുട്ടി നിൽക്കുന്ന രണ്ട് 29 നില ആർമി ടവറുകൾ നിലംപതിക്കാൻ ഇനിയും എത്ര നാളുകളെന്ന ചോദ്യം ബാക്കിയാകുന്നു. ബി, സി ടവറുകളിലെ അവസാന താമസക്കാരനും കഴിഞ്ഞ ദിവസം ഫ്ളാറ്റൊഴിഞ്ഞതോടെ പ്രേതമന്ദിരം പോലെയാണിപ്പോൾ ഏഴ് വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ഭീമൻ കെട്ടിടങ്ങൾ.

സൈനികരും വിമുക്തഭടന്മാരും ഉൾപ്പെട്ട 208 കുടുംബങ്ങളുടെ ജീവിതസ്വപ്നങ്ങളായി​രുന്നു ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ.) നി​ർമ്മിച്ച രണ്ട് ടവറുകളും. നിർമ്മാണ പിഴവിനാൽ ഇവ പൊളിക്കേണ്ടി വരുന്നത് കരസേനയ്ക്കും രാജ്യത്തിനും കേരളത്തിനും അപമാനമായി. പില്ലറുകളും ബീമുകളും തുരുമ്പെടുത്തും മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നും ടൈലുകൾ പൊട്ടിപ്പൊളിഞ്ഞും താമസക്കാരുടെ ജീവന് തന്നെ ഭീഷണിയായിരുന്നു ഈ കെട്ടിടങ്ങൾ. രണ്ടാം വർഷം തുടങ്ങിയ തകരാറുകൾ യഥാസമയം പരിഹരിച്ചെങ്കിൽ ഇങ്ങനെയൊരു ദുർഗതി ഉണ്ടാവില്ലായിരുന്നു. പകരം,​ വീഴ്ചകൾ മറച്ചുവയ്ക്കാൻ നടന്ന ശ്രമങ്ങളാണ് കെട്ടിടങ്ങളെ താമസയോഗ്യമല്ലാതാക്കിയത്.

യൂട്ടിലിറ്റി സംവിധാനങ്ങൾ

മാറ്റുക സങ്കീർണം

ഹൈക്കോടതി ഉത്തരവുപ്രകാരം ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിക്കാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിക്കാനുള്ള ചുമതല. കെട്ടിടം പൊളിക്കാനും പുനർനിർമ്മിക്കാനുമുള്ള ആഗോള ടെണ്ടറുകൾ ഫെബ്രുവരി 20ന് വിളിക്കും. മാർച്ച് ആറ് വരെയാണ് കാലാവധി. മാർച്ചിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചന്ദേർകുഞ്ജ് എന്ന പാർപ്പിട സമുച്ചയത്തിലെ മൂന്ന് ടവറുകളിൽ 17 നിലയുള്ള എ ടവർ നിലനിറുത്തി വേണം പൊളിക്കലും പുനർനിർമ്മാണവും. ഡ്രെയിനേജ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ യൂട്ടിലിറ്റി സംവിധാനങ്ങളെല്ലാം തന്നെ മൂന്നു ടവറുകൾക്കും കൂടിയുള്ളതാണ്. എ ടവറിന് മാത്രമാക്കുക സങ്കീർണമായ പ്രക്രിയയാണ്. ചിലപ്പോൾ താമസക്കാരെ കുറച്ചുദിവസത്തേക്ക് മാറ്റേണ്ടതായി പോലും വരും.

ആർമി​ ടവറുകൾ

 4.25 ഏക്കറി​ൽ മൂന്നു ടവറുകൾ.

സൈനി​കരും വി​മുക്തഭടന്മാരുമാണ് ഉടമകൾ.

264 ഫ്ളാറ്റുകളുണ്ട്. എ ടവർ 17 നിലയും ബി, സി​ ടവറുകൾ 29 നി​ലകൾ വീതവും.

ഹെലി​പാഡുകളുമുണ്ട്.

60 - 75ലക്ഷം ആയി​രുന്നു വി​ല. ഇപ്പോൾ സ്ഥലവി​ല മാത്രം 100 കോടി

കേസു പറഞ്ഞാൽ പണി​ കി​ട്ടും

 എ.ഡബ്‌ള്യു.എച്ച്.ഒയ്ക്കും റെസി​ഡന്റ്സ് അസോസി​യേഷനുമെതി​രെ നി​യമയുദ്ധം നടത്തി​യ ഫ്ളാറ്റുടമയായ റി​ട്ട. കേണൽ സി​ബി​ ജോർജും കുടുംബവും മാത്രമാണ് വാടകയും ചെലവും നി​ഷേധി​ക്കപ്പെട്ടതി​നെ തുടർന്ന് നാലുമാസമായി​ സി​ ടവറി​ൽ താമസി​ച്ചി​രുന്നത്. തുക നൽകി​യി​ല്ലെങ്കി​ൽ കളക്ടർ നേരി​ട്ട് ഹാജരാകണമെന്ന ഹൈക്കോടതി​ ഉത്തരവി​നെ തുടർന്ന് വാടക നൽകി​യെങ്കി​ലും 30000 രൂപയുടെ വീടുമാറുന്ന ചെലവ് കുടി​ശി​കയാണ്. എങ്കി​ലും കഴി​ഞ്ഞ ദി​വസം സി​ബി​ ജോർജും കുടുംബവും ഫ്ലാറ്റൊഴി​ഞ്ഞു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY