SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

'ഒരാവേശത്തിൽ ചാടിയതാണ് സാ‌‌‌ർ'

Increase Font Size Decrease Font Size Print Page
padam

വീടിന്റെ മതിൽ ചാടി നഗരം ചുറ്റിയ നായയെ ഉടമയ്ക്ക് കൈമാറി പൊലീസ്

കൊച്ചി: ഒരാവേശത്തിന് വീടിന്റെ മതിൽചാടി നഗരംചുറ്റാനിറങ്ങി, ഒടുവിൽ കുഴങ്ങിപ്പോയ മുന്തിയയിനം നായയെ ഉടമയെ കണ്ടെത്തി കൈമാറി പൊലീസ്. ഉടമയെ കണ്ട സന്തോഷത്തിൽ നായയും കാണാതായ പൊന്നോമനയെ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഉടമയും ഒന്നുചേർന്നപ്പോൾ എറണാകുളം സെൻട്രൽ സ്റ്റേഷന് മുന്നിൽ കൗതുകക്കാഴ്ചയായി. എറണാകുളം അയ്യൻകാവ് സ്വദേശിനി ഡെസി ജോജയുടെ അരുമയായ ഹസ്‌കി ഇനത്തിൽപ്പെട്ട ഹെയ്‌ലി എന്ന നായയാണ് നഗരം ചുറ്റാനിറങ്ങിയത്.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് എറണാകുളം ഹൈക്കോടതി പരിസരത്ത് മുന്തിയയിനം നായയെ കണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഉടനെ സെൻട്രൽ സ്റ്റേഷനിലെ സി.പി.ഒമാരായ രാജീവും സുമേഷും ജീപ്പിൽ ഹൈക്കോടതി ഭാഗത്തേക്ക് തിരിച്ചു. ഉപദ്രവകാരിയല്ലാത്തതിനാൽ നായയെ എളുപ്പത്തിൽ ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. ഉടമയെ കണ്ടെത്താൻ വിവരം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി. ഇതിനിടെ നായയെ കാണാനില്ലെന്ന് കാട്ടി ഡെസിയും മകൾ ജീനയും എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയിരുന്നു.

പൊലീസുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ സെൻട്രൽ സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള നായയായിരിക്കാമെന്ന് ഉറപ്പിച്ചു. തുടർന്ന് ഡെസിയും മകളും സെൻട്രൽ സ്റ്റേഷനിൽ എത്തി. വാവേ എന്ന് വിളിച്ചതോടെ ഹെയ്‌ലി ഡെസിയുടെ അടുത്തേക്ക് ഓടിച്ചെന്നു. തുടർന്ന് സെൻട്രൽ എസ്.ഐ. അനൂപ് ചാക്കോയുടെ സാന്നിദ്ധ്യത്തിൽ നായ്ക്കുട്ടിയെ ഉടമയ്ക്ക് കൈമാറി. രണ്ടുവയസുകാരിയാണ് ഹെയ്‌ലി. രാവിലെ എട്ടരയോടെ മൂത്രമൊഴിക്കാനായി അഴിച്ചുവിട്ടപ്പോൾ മതിൽചാടുകയായിരുന്നു.

നല്ല സ്‌നേഹമാണ്. കാണാതായപ്പോൾ വല്ലാത്ത വിഷമമായി. രാവിലെ മുതൽ നായ്ക്കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഹെയ്‌ലിയെ തിരികെ നൽകിയ പൊലീസുകാർക്ക് നന്ദി

ഡെസി

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY