
ഈ വർഷം കിട്ടാനുള്ളത് 25 ലക്ഷം
കൊച്ചി: ക്ഷീരകർഷകർക്ക് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗോ സമൃദ്ധി എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയിൽ കൂടുതൽ ഉരുക്കളെ ഉൾപ്പെടുത്താൻ കഴിയാതെ സംസ്ഥാന സർക്കാർ. പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകുന്നതാണ് കാരണം. 2016-17 മുതൽ 2024-25 വരെ 3,03,567 കന്നുകാലികൾക്ക് പദ്ധതിയിൽ പരിരക്ഷ നൽകിയിരുന്നു. 2025-26 വർഷം 9,260 കന്നുകാലികൾക്ക് പരിരക്ഷ നൽകാനായിരുന്നു പദ്ധതിയെങ്കിലും കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ ഇത് പ്രാവർത്തികമാകില്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എൻ.എൽ.എം കന്നുകാലി ഇൻഷ്വറൻസ് പദ്ധതി മുഖേനയാണ് സംസ്ഥാനത്തിന് കേന്ദ്രഫണ്ട് ലഭിക്കേണ്ടത്. എൻ.എൽ.എമ്മിൽ 60ശതമാനം കേന്ദ്ര വിഹിതവും 40ശതമാനം സംസ്ഥാന വിഹിതവുമാണ്. 2025- 26ൽ അനുവദിച്ച 50 ലക്ഷം കേന്ദ്ര വിഹിതത്തിൽ 25 ലക്ഷം മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. മുൻവർഷങ്ങളിലെയും ദശലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട്.
2024-25ൽ ഗോ സമൃദ്ധി പദ്ധതിക്കായി അഞ്ച് കോടി രൂപയും എൻ.എൽ.എം ഇൻഷ്വറൻസിന് 3.32 കോടി രൂപയുമാണ് സംസ്ഥാനം ചെലവിട്ടത്. 2024-25 എൻ.എൽ.എം പദ്ധതി പരിഷ്‌കരിച്ചപ്പോൾ 83.33 ലക്ഷം കൂടി നൽകി. പദ്ധതികൾക്ക് 2025-26ൽ യഥാക്രമം രണ്ട് കോടിയും 83.33 ലക്ഷം രൂപയും ചെലവിട്ടു.
സംസ്ഥാനം വേഗത്തിൽ, കേന്ദ്രം മെല്ലെ
2024-25ൽ ഗോ സമൃദ്ധി പദ്ധതിയിലൂടെ 28,199 കർഷകർക്കും എൻ.എൽ.എം പദ്ധതിയിലൂടെ 21,921 കർഷകർക്കും ഇൻഷ്വറൻസ് നൽകിയെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലത്ത് 50,120 കർഷകരുടെ കന്നുകാലികളെ ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവന്നു. 15,474 ക്ഷീരകർഷകരെ വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതിയിലും ഉൾപ്പെടുത്തി. ലഭിച്ച 1,129 ഡെത്ത് ക്ലെയിമുകളിൽ 760ഉം തീർപ്പാക്കി. 4.58 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു. 2026ൽ ഗോ സമൃദ്ധിയിലൂടെ 6,140 ഉരുക്കൾക്കും എൻ.എൽ.എം പദ്ധതിയിലൂടെ 2,720 ഉരുക്കൾക്കും ഇൻഷ്വറൻസ് ഉറപ്പാക്കാനാണ് സർക്കാർ നീക്കം. നടപ്പാകണമെങ്കിൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കണമെന്ന് അധികൃതർ പറഞ്ഞു.
ഗോ സമൃദ്ധി പദ്ധതി
കന്നുകാലികളുടെ അപ്രതീക്ഷിത മരണം, ചികിത്സ നൽകിയിട്ടും ഉത്പാദനക്ഷമത /പ്രത്യുത്പാദന ക്ഷമത നഷ്ടമാകുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താരംഭിച്ച പദ്ധതി
അപകടം, രോഗം, പ്രകൃതിദുരന്തങ്ങൾ എന്നിവ കാരണം കന്നുകാലികൾക്ക് അപ്രതീക്ഷിത മരണമുണ്ടാകുമ്പോഴും, ഇൻഷ്വർ ചെയ്ത കന്നുകാലികൾക്ക് ഉത്പാദനക്ഷമതയോ /പ്രത്യുത്പാദനക്ഷമതയോ പൂർണമായും നഷ്ടമാകുന്ന സാഹചര്യത്തിലും കർഷകന് നഷ്ടപരിഹാരം
ഒരുവർഷത്തേക്കും മൂന്ന് വർഷത്തേക്കും രണ്ട് പരിരക്ഷകൾ
ഒരു പശുവിന് പരമാവധി 65,000 രൂപയാണ് ഇൻഷ്വറൻസ്
കർഷകർക്ക് തുച്ഛമായ തുകയാണ് പ്രീമിയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |