SignIn
Kerala Kaumudi Online
Saturday, 07 March 2026 10.00 AM IST

ബോട്ട് തകർന്ന സംഭവം: അപകടമുണ്ടാക്കിയ കൂറ്റൻ ബോട്ടിനായി തെരച്ചിൽ ആരംഭിച്ചു

Increase Font Size Decrease Font Size Print Page

കൊച്ചി: കൊച്ചി പുറങ്കടലിൽ മത്സ്യബന്ധന ബോട്ട് നെടുകെ പിളർന്ന് മുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് നിൽക്കാതെ കടന്നു കളഞ്ഞ അപകടമുണ്ടാക്കിയ കൂറ്റൻ മത്സ്യബന്ധന ബോട്ടിനായി കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 11ഓടെ കൊച്ചിയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെവച്ചുണ്ടായ അപകടത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മുരുക്കുംപാടത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ കുളച്ചൽ സ്വദേശി മൈക്കിളിന്റെ എ.എൽ.ബി. മാതാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് മലയാളികളും മൂന്ന് കുളച്ചൽ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് ദിവസത്തെ മത്സ്യബന്ധനത്തിന് ശേഷം രാത്രി ഒമ്പതോടെ ആങ്കറിട്ട് വിശ്രമിക്കവെയായിരുന്നു അപകടം. ലൈറ്റണച്ചെത്തിയ കൂറ്റൻ ബോട്ട് വീൽഹൗസ് ഭാഗത്ത് ഇടിച്ചതോടെ ഉറങ്ങുകയായിരുന്ന തൊഴിലാളികൾ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണു.

ഇടിയുടെ ആഘാതത്തിൽ നെടുകെ പിളർന്ന ബോട്ട് മുങ്ങിത്താഴ്ന്നു. തൊഴിലാളികൾ നിലവിളിച്ചെങ്കിലും ഇടിച്ച ബോട്ട് നിറുത്താതെ പോയി. സമീപത്ത് ആങ്കറിലുണ്ടായിരുന്ന ജിയോ എന്ന ബോട്ടെത്തിയാണ് ഇവരെ രക്ഷിച്ചത്. പുലർച്ചെ അഞ്ചോടെ തൊഴിലാളികളെ കൊച്ചി തീരത്തെത്തിച്ചു. കുളച്ചൽ സ്വദേശിയായ സ്രാങ്ക് ജഗൻ അൽഫോൺസിന്റെ പരാതിയിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. കടന്നുകളഞ്ഞ ബോട്ടിന്റെ വല ലഭിച്ചിട്ടുണ്ട്. രാത്രി ലൈറ്റണച്ച് മീൻപിടിത്തം നടത്തുകയായിരുന്നു ഈ ബോട്ടെന്നാണ് വിവരം. അപകടസമയത്തുണ്ടായിരുന്ന ബോട്ടുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

മരണത്തെ മുന്നിൽ കണ്ടു, അലറിക്കരഞ്ഞിട്ടും രക്ഷിച്ചില്ല

"മരണത്തെ മുന്നിൽ കണ്ടു. ജിയോ ബോട്ട് എത്തിയില്ലായിരുന്നെങ്കിൽ എട്ടുപേരും ജീവനോടെ ഉണ്ടാകില്ലായിരുന്നു. ഇപ്പോഴും ഉള്ളുപിടയുകയാണ്" - തൊണ്ടയിടറി സ്രാങ്ക് ജഗൻ പറഞ്ഞു. രാത്രി വിശ്രമിക്കുകയായിരുന്നു. ലൈറ്റുകളെല്ലാം ഓൺ ചെയ്തിരുന്നു. പെട്ടെന്നായിരുന്നു കൂറ്റൻ ബോട്ട് വന്നിടിച്ചത്. ഇരുമ്പ് ബോട്ടായിരുന്നു. തങ്ങളെല്ലാവരും തെറിച്ചുവീണു. പിന്നെയാണ് ബോട്ട് നെടുകെ പിളർന്നെന്നു മനസിലായത്. രക്ഷപ്പെടുത്താൻ അലറിക്കരഞ്ഞു. പക്ഷേ ബോട്ട് നിറുത്താതെ മുന്നോട്ട് പോയി. ശബ്ദം കേട്ടാണ് ജിയോ ബോട്ടെത്തിയത്. തൊഴിലാളികൾക്ക് ആർക്കും പരിക്കേറ്റില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ജഗൻ പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.