കൊച്ചി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ കൂടുതൽ ഹോട്ടലുകൾ പൂട്ടി. വാണിജ്യ സിലണ്ടറുകൾ കിട്ടാക്കനിയായിരുന്നു ഇന്നലെയും. ചില ഹോട്ടലുകൾ വിഭവങ്ങൾ കുറച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസം കൂടി മാത്രമേ മുന്നോട്ട് പോകാനാകൂ.
20 രൂപയ്ക്ക് ദിവസം 3,500ലേറെ പേർക്ക് ഉച്ചയൂണ് വിളമ്പുന്ന കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി കിച്ചണിൽ ഇന്നു മുതൽ വിറകടുപ്പിലാകും പാചകം. ഇന്നലെ ഉച്ചയ്ക്ക് ഗ്യാസ് തീർന്നു. വളപ്പിൽ തന്നെ ടാർപ്പോളിൻ വലിച്ചു കെട്ടി പന്തലും വിറകടുപ്പും സജ്ജമാക്കി. വിഭവങ്ങളും കുറയ്ക്കാനാണ് തീരുമാനം. പ്രതിസന്ധി തീരും വരെ ചോറും, സാമ്പാറുമായി ചുരുക്കിയേക്കും.
വിറകിന് പൊന്നും വില
മില്ലുവിറക് ടണ്ണിന് 2000 രൂപ
വിറകിന് വൻതോതിൽ വിലകൂടി. കെട്ടുവിറകിനും മില്ലിലെ അറക്കബാക്കി വിറകിനും വൻതോതിലാണ് വില കൂടിയത്. മില്ലുവിറകിന് ടണ്ണിന് 2000 വരെയാണ് കൂടി. കെട്ടുവിറകിന് കിലോയ്ക്ക് 25-35 രൂപവരെയാണ് കൂട്ടിയത്. റബർ തോട്ടങ്ങൾ വെട്ടുന്നവർ തുച്ഛമായ നിരക്കിലാണ് വിറക് നൽകിയിരുന്നതെങ്കിൽ അവിടെയും ഇപ്പോൾ വൻ ഡിമാൻഡാണ്.
ചിതയണഞ്ഞ് ശ്മശാനങ്ങൾ
ഗ്യാസ് പ്രതിസന്ധി ജില്ലയിലെ ശ്മശാനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഏതാണ്ടെല്ലാം തന്നെ വിറകിലായതിനാൽ പ്രവർത്തനം തടസപ്പെട്ടില്ല. വിറകുവില വർദ്ധിച്ചതാണ് പ്രതിസന്ധി. ശ്മശാന കരാറുകാർ വലയുകയാണ്. ആവശ്യക്കാരേറിയതോടെ വിറകിനും ക്ഷാമമാകുന്ന സ്ഥിതിയാണ്. ശ്മശാനങ്ങളിലേക്കുള്ള വിറകിന് ടണ്ണിന് 3000 രൂപവരെയാണ്. പലയിടത്തും നേരത്തെ പറഞ്ഞ് വിറക് മുന്നേ കീറിക്കുകയാണ്. വിറക് കീറുന്നയാൾക്ക് 1500 രൂപയാണ് കൂലി.
നഗരത്തിലെ പള്ളുരുത്തി, ഇടപ്പള്ളി, പച്ചാളം, രവിപുരം ശ്മശാനങ്ങളിൽ വിറകിന്റെ വില വർദ്ധന പ്രതിസന്ധിയായിട്ടുണ്ട്. ചിതയൊരുക്കുന്നതിന് കോർപ്പറേഷൻ വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച 3000 രൂപ നിരക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അപര്യാപ്തമാണ്.
പച്ചാളത്തും ഇടപ്പള്ളിയിലും ശ്മശാനങ്ങളിൽ ഗ്യാസ് സംവിധാനങ്ങൾ ഉണ്ടെങ്കിലും ഉപയോഗിക്കുക അപൂർവമാണ്. വിറക് ചിത തന്നെ തുടരുകയാണ്. പള്ളുരുത്തിയിൽ 2015ൽ ആരംഭിച്ച ഗ്യാസ് സംസ്‌കാര സംവിധാനത്തിലെ എൽ.പി.ജി ഫർണസുകൾ മൂന്ന് വർഷത്തിനുള്ളിൽ തന്നെ തകരാറിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |