
കൊച്ചി: പഞ്ചവാദ്യം, ചെണ്ടമേളം, കാവടി, ഫ്ലോട്ട്, ഡി.ജെ. ഇതിനെല്ലാം പുറമേ റോഡ്ഷോ. 23 ദിവസം മാത്രം നീണ്ടു നിന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ ആവേശ കൊട്ടിക്കലാശം. വിവിധ മണ്ഡലങ്ങളിലെ വിവിധ മുന്നണി സ്ഥാനാർത്ഥികൾ ഓരോ മുന്നണിക്കും നിശ്ചയിച്ച സ്ഥലങ്ങളിലാണ് കൊട്ടിക്കലാശം നടത്തിയത്. വിവിധയിടങ്ങളിൽ നിന്ന് ഉച്ചയോടെ ആരംഭിച്ച റോഡ് ഷോകളും ബൈക്ക് റാലികളും വൈകിട്ട് മൂന്ന് മുതൽ പ്രവർത്തകരെ ആവേശത്തിരയിലാഴ്ത്തി.
തൃക്കാക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി പുഷ്പദാസിന്റെ കൊട്ടിക്കലാശ സമാപനം കാക്കനാട് ജംഗ്ഷനിലായിരുന്നു. വൈറ്റിലയിലും നിരവധി പ്രവർത്തകർ കൊട്ടിക്കലാശം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രവർത്തകർ വാഹനങ്ങളുടെ മുകളിൽ കയറി പാർട്ടി കൊടികൾ വീശി ആഹ്ലാദം പ്രകടിപ്പിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൊട്ടിക്കലാശത്തിനായി എൻ.ജി.ഒ ക്വാട്ടേഴ്സ് ജംഗ്ഷനിലേക്കെത്തിയത്. പ്രവർത്തകർ ഷാളണിയിച്ചും മാലയിട്ടും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ചെണ്ടമേളത്തിന്റെയും നാസിക് ഡോലിന്റെയും അകമ്പടിയും പ്രവർത്തകരെ ആവേശക്കിലാക്കി.
മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഖിൽ മാരാർ റോഡ് ഷോ ആയാണ് വൈറ്റിലയിലെത്തിയത്. കാവടിയും കരകാട്ടവും വനിതാപഞ്ചവാദ്യവുമെല്ലാം മാരാരുടെ കലാശക്കൊട്ടിന് കൊഴുപ്പ് കൂട്ടി. ഇടയ്ക്ക് എൽ.ഡി.എഫ് പ്രവർത്തകരുടെ ഇടയിലേക്കുമെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. മണപ്പാട്ടിപ്പറമ്പിൽ നിന്ന് ആരംഭിച്ച് നിരവധി പ്രവർത്തകർ അണിനിരന്ന റാഡ് ഷോ ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു. തുടർന്ന് എറണാകുളം സെൻട്രൽ മണ്ഡലത്തിലെ 13 ബൂത്തുകളുടെ അവലോകന യോഗത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനോടൊപ്പം അദ്ദേഹം പങ്കെടുത്തു.
ഇടതു സ്ഥാനാർത്ഥി സാബു എം. ജോർജ്ജിന്റെ കൊട്ടിക്കലാശ പരിപാടികൾ കലൂർ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു. വൈകിട്ട് മൂന്നര മുതൽ വിവധയിടങ്ങളിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ കലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സംഗമിച്ചു. കൊട്ടിക്കലാശം അവസാനിക്കുന്നതിന് മിനിറ്റുകൾ മുൻപ് സ്ഥാനാർത്ഥിയും എത്തിയതോടെ ആവേശം അലതല്ലി.
എൻ.ഡി.എ സ്ഥാനാർത്ഥി പി.ആർ. ശിവശങ്കരന്റെ പ്രചാരണത്തിന് അവസാനം കുറിച്ച് വുഡ്ലാൻഡ്സ് ജംഗ്ഷനിൽ നിന്ന് പ്രകടനമായി മാധവ ഫാർമസി ജംഗ്ഷനിൽ അവസാനിച്ചു. താളമേളങ്ങളും കാവടി ഘോഷയാത്രയും അകമ്പടിയായി.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ റോഡ് ഷോ സ്റ്റാച്യു ജംഗ്ഷനിൽ അവസാനിച്ചു. സ്റ്റ്യാച്ചു ജംഗ്ഷനിൽ വെടിക്കെട്ട് ഉൾപ്പെടെ അകമ്പടിയായി. ഡി.ജെയും കാവടി ഘോഷയാത്രയുമെല്ലാം ഒപ്പമുണ്ടായിരുന്നു.
ബൈക്ക് റാലിയും വാദ്യമേളങ്ങളുമായി തൃപ്പൂണിത്തുറ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഉത്സവമാക്കി പ്രവർത്തകർ. പ്രചാരണം സമാപിക്കാറായതോടെ ആരവങ്ങൾക്കിടയിലേക്ക് ദീപക് ജോയ് വന്നിറങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |