കുട്ടികളുടെ പങ്കാളിത്തത്തോടെ പദ്ധതി കേരളാതീരം കാക്കാൻ കണ്ടൽക്കാട് 

Thursday 30 April 2026 2:43 AM IST

പ്രദേശവാസികൾ സഹകരിക്കുന്നില്ലെന്നത് വെല്ലുവിളി

കൊച്ചി: കേരളത്തിന്റെ തീരദേശമേഖലകളിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ കണ്ടൽക്കാടുകൾ വളർത്താൻ പദ്ധതി. വിത്ത് നടാനും മറ്റുമായി സ്കൂളുകളിൽ നഴ്സറി തുടങ്ങും. പ്ലാസ്റ്റിക് കൂടുകൾക്ക് പകരം മുളംകുറ്റിയിലാകും വിത്തുകൾ നടുക. കുട്ടികൾക്ക് ഇതിനുള്ള പരിശീലനം കണ്ടൽസംരക്ഷകൻ മാലിപ്പുറം സ്വദേശി ടി.പി.മുരുകേശന്റെ നേതൃത്വത്തിലുള്ള സംഘം നൽകും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പിന്തുണയോടെയുള്ള പദ്ധതിക്ക് സന്നദ്ധ സംഘടനകളുടെ സഹായമുണ്ട്. മണ്ണിടിച്ചിൽ തടയാനും ശക്തമായ തിരകളെ പ്രതിരോധിക്കാനും കഴിയുന്ന കണ്ടലിന് തീരദേശമേഖലയ്ക്ക് സംരക്ഷണമൊരുക്കാനാകും. വിനോദസഞ്ചാരികളെയും ആകർഷിക്കും. സി.എം.എഫ്.ആർ.ഐയുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ മേഖലകളിൽ ഒരു വർഷത്തിനിടെ 1100 കണ്ടൽച്ചെടികൾ നട്ടു.

ഭ്രാന്തൻ കണ്ടൽ മുതൽ നക്ഷത്രക്കണ്ടൽ വരെ

59കാരനായ മുരുകേശൻ 2013 മുതൽ ഈ രംഗത്ത് സജീവമാണ്. സന്നദ്ധ സംഘടനകൾ വഴി ഓരോവർഷവും പതിനായിരത്തിലേറെ തൈകൾ വിതരണം ചെയ്യുന്നു. മുളവുകാട്, വല്ലാർപാടം, വളന്തകാട്, മരട് എന്നിവിടങ്ങളിൽനിന്ന് വിത്ത് ശേഖരിച്ച് 9 ഇഞ്ച് നീളമുള്ള മുളംകുറ്റികളിൽ ചെളിനിറച്ച് പാകുന്നു. രണ്ടര മാസംകൊണ്ട് മൂന്നടിയോളം വളരുന്ന തൈകൾ തീരത്ത് വെള്ളത്തിൽ മുങ്ങിപ്പോകാത്തവിധം നടുന്നു. കേരളത്തിൽ 20ലേറെ ഇനം കണ്ടൽ ഉണ്ടെങ്കിലും നീളൻ വേരുകളുള്ള ഭ്രാന്തൻ കണ്ടൽ, 10 മീറ്റർ വരെ പൊക്കമുള്ള പേനക്കണ്ടൽ (എഴുത്താണിക്കണ്ടൽ), ധാരാളം വേരുകളുള്ള ഉപ്പട്ടി, നക്ഷത്രക്കണ്ടൽ തുടങ്ങിയവയാണ് മുരുകേശന്റെ ശേഖരത്തിലുള്ളത്.

പ്രദേശവാസികൾ ഇതുമായി സഹകരിക്കുന്നില്ലെന്നത് വെല്ലുവിളിയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കിഴക്കേപ്പുഴയുടെ തീരത്ത് മുരുകേശന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച 2,000 കണ്ടൽച്ചെടികൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല

വൈവിദ്ധ്യങ്ങളുടെ കൂട്

വെള്ളത്തിലെ മാലിന്യവും ഉപ്പിന്റെ കാഠിന്യവും ഒഴിവാക്കാൻ സഹായിക്കുന്നു

അന്തരീക്ഷത്തിലെ കാർബൺ മലിനീകരണം നിയന്ത്രിക്കുന്നു

മീനുകളുടെയും ഞണ്ടുകളുടെയും സുരക്ഷിതകേന്ദ്രം. ഇവിടെ താവളമാക്കുന്ന പക്ഷികളുടെ കാഷ്ഠവും കണ്ടൽച്ചെടികളുടെ കായും മീനുകളുടെ ഇഷ്ടഭക്ഷണമാണ്. കരിമീൻ, കണമ്പ്, തിരുത, തിലാപ്പിയ തുടങ്ങിയവയെ ധാരാളമായി കാണാം

കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കണ്ടൽച്ചെടിയുടെ ഇലയ്ക്ക് കഴിവുണ്ട്. വേനലിലും കണ്ടൽ മേഖലകളിൽ കുളിർമയുണ്ടാകും

കണ്ടൽക്കാടുകളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ വച്ചുപിടിപ്പിക്കാൻ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും സഹകരിക്കും. കവരത്തിയിൽ പരീക്ഷണാടിസ്ഥാനത്തിൽ 500 തൈകൾ നട്ടു.

ഡോ. കെ.എസ്. ശോഭന, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ