24.76 കോടിയുടെ സൈബർത്തട്ടിപ്പ്: പിടിച്ചെടുത്തത് ഏഴരക്കോടി രൂപയുടെ ചെക്കുകൾ
* സത്യനാരായണ മൂർത്തിയും ടൈസൺ രാജുവും റിമാൻഡിൽ
കൊച്ചി: ഓൺലൈൻ ഷെയർട്രേഡിംഗ് തട്ടിപ്പ് കേസിൽ ഹൈദരാബാദിൽനിന്ന് അറസ്റ്റിലായ സത്യനാരായണ മൂർത്തിയുടെ വസതിയിൽനിന്ന് കേരള സൈബർ പൊലീസ് 7.5 കോടി രൂപയുടെ ചെക്കുകൾ പിടിച്ചെടുത്തു. ഹൈടെക് സിറ്റിയിലെ പരിശോധനയിൽ നിരവധി എ.ടി.എം കാർഡുകൾ, ബാങ്ക് രേഖകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനഉടമയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിൽ സത്യനാരായണ മൂർത്തി, ജീവനക്കാരൻ ടൈസൺ രാജു എന്നിവരെ എറണാകുളം ചീഫ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ കോടികളുടെ തട്ടിപ്പ് വിവരങ്ങളുണ്ടെന്നാണ് നിഗമനം. കോടതി അനുമതിയോടെ ഇവ പരിശോധിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം കോടതിയെ സമീപിക്കും. കൊച്ചി സൈബർ പൊലീസ് എ.സി.പി വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി മടങ്ങിയെങ്കിലും മറ്റൊരു സംഘം തെലങ്കാനയിൽ തുടരുകയാണ്. കേസിൽ ഒരു തെലങ്കാന സ്വദേശികൂടി അറസ്റ്റിലാകാനുണ്ട്.
പരാതിക്കാരനിൽനിന്ന് തട്ടിയെടുത്ത തുകയിൽ 16 കോടി രൂപ ടൈസൺ രാജുവിന്റെ 5 അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഈ തുക പിന്നീട് സത്യനാരായണ മൂർത്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. റിയൽഎസ്റ്റേറ്റ്, ഐ.ടി മേഖലകളിൽ നിക്ഷേപമുള്ള സത്യനാരായണ മൂർത്തി സ്വന്തം ജീവനക്കാരുടെ അക്കൗണ്ടുകൾ തട്ടിപ്പിന് ഉപയോഗിച്ചു. ഇത്തരത്തിൽ 14 ജീവനക്കാരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
പിടിച്ചെടുത്ത ചെക്കുകളിൽ സത്യനാരായണ മൂർത്തി ഒപ്പിട്ടിട്ടുണ്ടെങ്കിലും ആരുടെ പേരിലുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജാർഖണ്ഡ് സ്വദേശി പങ്കജുമായി ചേർന്നാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും പങ്കജിനെ ഇ.ഡി ചോദ്യം ചെയ്തതായും വിവരമുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം സൈപ്രസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും.
* എളിയനിലയിൽ നിന്നുള്ള വളർച്ച തട്ടിപ്പിലൂടെ
ബി.ടെക്കുകാരനായ സത്യനാരായണ മൂർത്തി ഹൈദരാബാദിലെ ഐ.ടി കമ്പനിയിലെ സാദാ ടെക്കിയായിരുന്നു. എന്നാൽ ഓൺലൈൻ തട്ടിപ്പിലൂടെ അതിവേഗം ഉയരങ്ങൾ താണ്ടി. ആശ്രിത മെഗാ ഇൻഫോടെക് എന്ന പേരിൽ സ്വന്തമായി ഐ.ടി കമ്പനിയും ആശ്രിത ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൺസ്ട്രക്ഷൻ കമ്പനിയുമുണ്ട്. കൂടാതെ എയ്റോ വില്ലാസ് എന്ന പേരിൽ 300 വില്ലകളുടെ നിർമ്മാണവും നടക്കുന്നു.