കൊച്ചി: ജില്ലയിലെ അവശ്യസർവീസ് വിഭാഗത്തിനായുള്ള പോസ്റ്റൽ വോട്ടിംഗ് പൂർത്തിയായി. 90.72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2544 വോട്ടർമാരിൽ 2308 പേർ നിയോജകമണ്ഡലാടിസ്ഥാനത്തിൽ സജ്ജമാക്കിയ പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ വോട്ട് രേഖപ്പെടുത്തി. പുതുതായി തപാൽ വോട്ട് അനുവദിച്ച ആബ്സെന്റീവ് വോട്ടേഴ്സ് വിഭാഗത്തിന്റെ വോട്ടെടുപ്പ് നടപടികൾ ഇന്നലെ പൂർത്തിയായി. 80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് ആബ്സെന്റീവ് വോട്ടേഴ്സ് വിഭാഗം.
തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിംഗ് നടപടികളും ജില്ലയിൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ടിംഗ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പോസ്റ്റൽ വോട്ട് ആവശ്യമുള്ള തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ അടുത്ത മാസം നാലിനകം അതത് നിയോജക മണ്ഡലങ്ങളുടെ വരണാധികാരികൾക്ക് അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |