കൊച്ചി: ചിത്രങ്ങൾക്ക് വിപണി ഇടിഞ്ഞതോടെ വില കുറച്ചു വിൽക്കാനൊരുങ്ങി ചിത്രകാരന്മാർ. ആർട്ട് ഗാലറികൾ വർദ്ധിച്ചെങ്കിലും സാധാരണക്കാരിലേയ്ക്കും ചിത്രങ്ങൾ എത്തിക്കുന്നതിനാണ് പ്രശസ്തരല്ലാത്ത ചിത്രകാരന്മാർ വില കുറച്ച് ഗാലറികൾക്ക് പുറത്തും ചിത്രങ്ങൾ വിൽക്കുന്നത്.
ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ കേരള ചിത്രകലാ പരിഷത്ത് ഇന്നലെ സംഘടിപ്പിച്ച ഏകദിന ചിത്രരചനാ ക്യാമ്പിൽ വരച്ച ചിത്രങ്ങൾക്ക് 5,000 രൂപയായിരുന്നു പരമാവധി വില. മുമ്പ് നടത്തിയ ക്യമ്പുകളിൽ വരച്ചവയിൽ നാമമാത്രമായ ചിത്രങ്ങൾ മാത്രം വിറ്റുപോയതോടെയാണ് പുതിയ തീരുമാനം. ക്യാമ്പ് സംഘടിപ്പിച്ച പരിഷത്ത് വിലയുടെ പങ്ക് വാങ്ങിയതുമില്ല. മുഴുവൻ തുകയും ചിത്രകാരന് ലഭിച്ചു. 65 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
മഴ എന്ന പേരിൽ പരിഷത്ത് നടത്തിയ ക്യാമ്പിൽ വരച്ച 180 ചിത്രങ്ങളിൽ എട്ടെണ്ണമാണ് വിറ്റഴിച്ചത്. 20,000 മുതൽ 30,000 രൂപയായിരുന്നു വിലയിട്ടിരുന്നത്. ഇക്കാര്യം കൂടി പരിഗണിച്ചാണ് അയ്യായിരം രൂപയാക്കിയതെന്ന് പരിഷത്ത് ഭാരവാഹികൾ പറഞ്ഞു. കൊവിഡിന് ശേഷം ചിത്രവിപണി ഉണർന്നെങ്കിലും പുതുമുഖങ്ങൾക്കും പ്രശസ്തരല്ലാത്തവർക്കും ഗുണം ചെയ്തില്ലെന്ന് ചിത്രകാരന്മാർ പറയുന്നു. കൊവിഡ് കഴിഞ്ഞ് ചിത്രങ്ങളുടെ വില്പന വർദ്ധിച്ചിരുന്നു. സ്വന്തം ആവശ്യത്തിനും മറിച്ചുവിൽക്കുന്നതിനും ശേഖരിക്കുന്നതിനും വാങ്ങുന്നതാണ് വർദ്ധിച്ചത്. പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികൾക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്. ഇടത്തരം, പുതുമുഖ ചിത്രകാരന്മാരുടെ സൃഷ്ടികൾക്ക് കാര്യമായ വില്പന ലഭിക്കുന്നില്ല.
മുതിർന്ന ചിത്രകാരന്മാർക്ക് സ്വന്തമായ വിപണിയും സുഹൃത്തുക്കളും മറ്റും ഉൾപ്പെട്ട വലിയൊരു സംഘമുണ്ട്. അവയിലൂടെ ചിത്രങ്ങൾ വിറ്റഴിക്കാനും മികച്ച വില നേടാനും കഴിയുന്നുണ്ട്. പ്രശസ്തരല്ലാത്തവർക്ക് പ്രദർശനവേദികളും വില്പന സാദ്ധ്യതകളും കുറവാണെന്ന് ചിത്രകാരന്മാർ പറഞ്ഞു.
വഴിതെളിച്ച് ആർട്ടിസ്റ്റ് അങ്കിൾ
ഗാലറികളിലല്ല, തെരുവുകളിലാണ് ചിത്രങ്ങൾ വിൽക്കേണ്ടതെന്ന ആശയം അവതരിപ്പിച്ച ആർട്ടിസ്റ്റ് അങ്കിൾ എന്നറിയപ്പെടുന്ന കൊച്ചി സ്വദേശി എ.പി. പൗലോസ് തെളിച്ച വഴിയിലൂടെയാണ് ചിത്രകലാ പരിഷത്ത് വില കുറയ്ക്കാൻ തീരുമാനിച്ചത്. എറണാകുളം ശിവക്ഷേത്ര മൈതാനത്ത് 5,555 ചിത്രങ്ങൾ പ്രദർശിപ്പിച്ച അദ്ദേഹം പരമാവധി രണ്ടായിരം രൂപയ്ക്കാണ് ചിത്രങ്ങൾ വിറ്റത്.
ഗാലറികൾ വർദ്ധിക്കുന്നു
ലളിത കലാ അക്കാഡമിയുടെ എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയാണ് ചിത്രകാരന്മാരുടെ ആശ്രയവും ഇഷ്ടകേന്ദ്രവും. ഒരുവർഷം മുമ്പേ ബുക്ക് ചെയ്താലേ ഗാലറി ലഭിക്കൂവെന്ന അവസ്ഥയാണുള്ളത്. യുവചിത്രകാരന്മാർക്ക് ഗാലറി കിട്ടാനുള്ള വിഷമവുമാണ്.
ഫോർട്ട്കൊച്ചിയിലെ ഡേവിഡ് ഹാൾ, നിർവാണ, മുനമ്പത്തെ മുസിരിസ് തുടങ്ങിയ ഗാലറികളെയാണ് ചിത്രകാരന്മാർ ആശ്രയിക്കുന്നത്. സ്വകാര്യ ഗാലറികളും ജില്ലയിൽ വർദ്ധിക്കുന്നുണ്ട്.
""പരമാവധി ചിത്രങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന പരിഷത്തിന്റെ പൊതുനിലപാടിന്റെ ഭാഗമായാണ് ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾക്ക് അയ്യായിരം രൂപ പരമാവധി വിലയായി നിശ്ചയിച്ചത്.""
ശാലിനി മേനോൻ
പ്രസിഡന്റ്
കേരള ചിത്രകലാ പരിഷത്ത്
''എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ചിത്രങ്ങൾ എത്തണമെന്ന ലക്ഷ്യത്തിലാണ് വില കുറച്ച് വിൽക്കാൻ ആരംഭിച്ചത്. പരിഷത്ത് ഉൾപ്പെടെ ആശയം ഏറ്റെടുക്കുന്നത് ഗുണകരമാകും.""
ആർട്ടിസ്റ്റ് അങ്കിൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |