വെഞ്ഞാറമൂട്: വ്യാജ ജഡ്ജി ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ചിറയ്ക്കൽ കവിതാലയത്തിൽ ജിഗേഷ്.കെ.എം.(40), മാന്നാർ ഇരുമന്തൂർ അച്ചത്തറ വടക്കതിൽ വീട്ടിൽ സുമേഷ്(36)എന്നിവർക്കെതിരെയാണ് കൂടുതൽ പേർ പരാതികളുമായെത്തിയത്.
ഇരുവരുടെയും അറസ്റ്റ് അറിഞ്ഞവർ നേരിട്ടും ഫോണിലൂടെയും വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. നിലവിലുള്ള കേസുകൾക്ക് പുറമെയാണ് കൂടുതൽ പരാതികൾ. ഹൈക്കോടതി ജഡ്ജിയാണെന്ന് വിശ്വസിപ്പിച്ച് കോടതിയിൽ ജോലി വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂർ സ്വദേശിയിൽ നിന്ന് 1,20,000 രൂപ, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വഴി സെൻട്രൽ വെയർ ഹൗസിൽ സൂപ്പർവൈസറാക്കാമെന്ന് പറഞ്ഞ് പത്തനംതിട്ട സ്വദേശിയിൽ നിന്ന് 9ലക്ഷം രൂപ, കളക്ടറുടെ ഡ്രൈവറാക്കാമെന്ന് വിശ്വസിപ്പിച്ച് ചേർത്തല സ്വദേശിയിൽ നിന്ന് 88,000 രൂപ, കണ്ണൂർ കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് കുമിളി സ്വദേശിയിൽ നിന്ന് 1,25,000 രുപ, കോടതിയിലുള്ള കേസ് ഒതുക്കി തീർക്കാമെന്ന് വിശ്വസിപ്പിച്ച് ഒരാളിൽ നിന്ന് അഞ്ച് ലക്ഷം രൂപ, നേർത്ത് പറവൂർ സ്വദേശിയിൽ നിന്ന് 8ലക്ഷം എന്നിങ്ങനെയാണ് പുതിയ തട്ടിപ്പ് പരാതികൾ.
കഴിഞ്ഞ ദിവസമാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. തുടന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |