കൂത്തുപറമ്പ്: 25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അടുത്തമാസം ആരംഭിക്കും. മൂന്നുവർഷം മുമ്പേ അനുമതി ആയെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ പ്രവൃത്തി നീളുകയായിരുന്നു. ബാർ അസോസിയേഷൻ പ്രതിനിധികൾ കെ.പി മോഹനൻ എം.എൽ.എയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രവൃത്തി തുടങ്ങുവാൻ തീരുമാനമായത്.
ബ്രിട്ടീഷുകാരുടെ കാലത്ത് 1871ൽ ആണ് കൂത്തുപറമ്പിൽ സെക്കൻഡ് ക്ലാസ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതി സ്ഥാപിക്കപ്പെട്ടത്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേർതിരിച്ചപ്പോൾ 1954ലാണ് ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയായത്. സംസ്ഥാനത്തെ രണ്ടാം ക്ലാസ് കോടതികളെല്ലാം ഒന്നാം ക്ലാസ് കോടതികളാക്കി മാറ്റിയപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയായത്. തൊണ്ടിമുതലുകൾ സൂക്ഷിക്കാനുള്ള മുറിയും അസി. പബ്ലിക് പ്രൊസിക്യൂട്ടർ ഓഫീസും പിന്നീട് നിർമ്മിച്ചതാണ്.
10,000 സ്ക്വയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പുതിയ സമുച്ചയത്തിൽ വിശാലമായ കോട്ട് ഹാൾ, ഓഫീസ്, തൊണ്ടിമുറി, മീഡിയേഷൻ ഹാൾ, സമ്മേളനഹാൾ, ബാർ അസോസിയേഷനും വക്കീൽ ക്ലാർക്ക്മാർക്കും ഓഫീസുകൾ, കക്ഷികൾക്കുള്ള വിശ്രമമുറി തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. പാർക്കിംഗിനും സൗകര്യമുണ്ടാകും. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.
കെട്ടിട സമുച്ചയത്തിന് നേരത്തെ അനുമതി ആയിരുന്നെങ്കിലും രൂപരേഖയിലെ ചില മാറ്റങ്ങൾ അംഗീകരിക്കുന്നതിലുള്ള കാലതാമസമായിരുന്നു പ്രവൃത്തി നീളാൻ കാരണമായത്. എം.എൽ.എ, കിഫ്ബി എൻജിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ടാണ് പ്രവൃത്തി തുടങ്ങാനുള്ള തീരുമാനമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |