ശിവഗിരി: വടക്കേ മലബാറിലെ മരുത്വാമലയിൽ ശാരദാമഠം ഉയരും. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ചെറുപുഴ പഞ്ചായത്തിൽ കാവേരികുളത്ത് മരുത്വാമല എന്ന് ശിവഗിരിമഠം നാമകരണം ചെയ്ത പ്രകൃതീശ്വരിയുടെ കടാക്ഷമുള്ള കുന്നിലാണ് ശാരദാമഠം നിർമ്മിക്കുന്നത്.
ശിവഗിരികുന്നിന്റെ താഴ്വാരത്തുളള ശാരദാമഠത്തിന്റെ രൂപത്തിൽ തന്നെയാകും ഇവിടെയും മഠം പണികഴിപ്പിക്കുക. ഇക്കഴിഞ്ഞ മേയ് മാസം 23ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശാരദാമഠത്തിനു ശിലാസ്ഥാപനം നിർവ്വഹിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ ഉൾപ്പെടെ മഠത്തിലെ സന്യാസി ശ്രേഷ്ഠർ ഈ ചടങ്ങിൽ പങ്കെടുത്തതാണ്.
നാളെ കാസർകോട് ബങ്കളത്ത് ശിവഗിരി മഠം ശാഖാ ആശ്രമമായ ശ്രീനാരായണ ഗുരുമഠം സമർപ്പണം നടക്കുന്നുണ്ട്. ഇതിനോട് നാട്ടുകാർ വലിയ പിന്തുണയാണ് നൽകുന്നത്. ഇതേ വിധത്തിലായിരിക്കും കാവേരികുളത്തെ ശാരദാമഠത്തിന്റെ പ്രവർത്തനവും. എത്രയും വേഗത്തിൽ ശാരദാമഠം പൂർത്തീകരിച്ച് ശിവഗിരിമഠത്തിന്റെ പ്രവർത്തനം തുടങ്ങണമെന്നാണ് ദേശവാസികളുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |