അഴീക്കോട് ( കണ്ണൂർ) : ഏറണാകുളം കാക്കനാട്ടെ ചെറുവള്ളി ഇല്ലത്തു നിന്ന് അഴീക്കോട് മൊളോളത്തില്ലത്ത് എത്തിയ ശ്രീലക്ഷ്മിക്ക് പാരമ്പര്യത്തനിമയിൽ പൂത്തിരുവാതിര.ധനുമാസ നിലാവിനെ സാക്ഷിയാക്കി അർദ്ധരാത്രിയിൽ പാതിര പൂ ചൂടി തിരുവാതിര പാട്ടുപാടി ചേർത്തുപിടിച്ച് അമ്മമാർ ചുവടു വച്ചപ്പോൾ തിരുവാതിരയുടെ പാരമ്പര്യത്തനിമ പുനർജ്ജനിക്കുകയായിരുന്നു മൊളോളത്ത്.
മൊളോളം സനൂപ് ബാബു നമ്പൂതിരിയുമായി ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ആറിനായിരുന്നു നടന്നത്. വിവാഹശേഷമുള്ള ആദ്യത്തെ തിരുവാതിര അങ്ങനെ പൂത്തിരുവാതിരയായി മൊളോളത്ത് ഇല്ലത്തെ അമ്മമാർ ആഘോഷിക്കുകയായിരുന്നു.ധനുമാസത്തിലെ അശ്വതി നാളിലാണ് ഇതിനായി വ്രതം ആരംഭിച്ചത്.മകീര്യം നാളിൽ എട്ടങ്ങാടിയുണ്ടാക്കി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മൊളോളം ശിവക്ഷേത്ര ദർശനത്തിനു ശേഷം തിരുവാതിര സന്ധ്യയായ ഞായറാഴ്ച ഉഷ ഉണ്ണികൃഷ്ണൻ, ഉഷ രാധാകൃഷ്ണൻ,ഹേമാബിംക ഹരികൃഷ്ണൻ, സന്ധ്യ ബാബു, ശ്രീജ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
മൊളോളത്തില്ലം മുറ്റത്തായിരുന്നു ചടങ്ങുകൾ. തിരുവാതിര പുഴുക്കുണ്ടാക്കി. വ്രതാനുഷ്ഠാനത്തിലുള്ള സ്ത്രീകൾ 108 വെറ്റില ചവച്ചു. ഉഷ അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ പന്ത്രണ്ട് മംഗല്യ സ്ത്രീകളുടെ കാർമ്മികത്വത്തിലാണ്
ചടങ്ങുകൾ നടന്നത്.രാത്രി 12നു മുമ്പ് ഇല്ലത്തെ നടുമുറ്റത്ത് അമ്മിക്കുട്ടിയെ പരമശിവനായി സങ്കല്പിച്ച് പ്രതിഷ്ഠിച്ച ശേഷം
അഷ്ടമംഗല്യം, ദശപുഷ്പം, താലം, നിറവിളക്ക്, കിണ്ടി എന്നിവ വച്ച് നിവേദ്യപൂജ നടത്തി. പൂത്തിരുവാതിരക്കാരിയ്ക്ക് കൺമഷിയെഴുതി ചന്ദനം തൊടുവിച്ചു. തുടർന്ന് ദശപുഷ്പം ചൂടി.കൊടുവേലി പൂവെടുത്ത് പരമശിവനു ചാർത്തിയ ശേഷം എല്ലാവരും പ്രാർത്ഥനാനിരതരായി. പിന്നാലെ തിരുവാതിര പാട്ടുപാടി ചുവടുവച്ചു.പാരമ്പര്യവിധി അനുസരിച്ചുള്ള പൂത്തിരുവാതിര ചടങ്ങുകൾ കാണാൻ ഇല്ലം മുറ്റത്ത് ധാരാളം പേരെത്തിയിരുന്നു.
വിവാഹത്തിന് ശേഷം ദമ്പതികളുടെ ആദ്യത്തെ തിരുവാതിര ആഘോഷം പൂത്തിരുവാതിര അഥവാ പുത്തൻ തിരുവാതിര എന്നറിയപ്പെടുന്നു. പൂത്തിരുവാതിര അനുഷ്ഠാനം ഉത്തമ ദാമ്പത്യം, ദീർഘമാഗല്യം, കുടുംബ ഐശ്വര്യം, അപകടമുക്തി എന്നിവ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |