പയ്യന്നൂർ (കണ്ണൂർ): വെങ്കലത്തിൽ നിർമ്മിച്ച രാജ്യത്തെ ഏറ്റവും വലിയ ശിവ ശില്പം തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിന് സജ്ജമായി. 4000 കിലോ തൂക്കവും 14 അടി ഉയരവുമുള്ള ശില്പം പ്രശസ്ത ശില്പി ഉണ്ണി കാനായി നാല് വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്. രണ്ടു മാസത്തിനുള്ളിൽ ശില്പം അനാച്ഛാദനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചതായി ഉണ്ണി കാനായി പറഞ്ഞു. കിഴക്കേനടയിലെ ആൽമരത്തിനു കീഴിൽ സ്ഥാപിക്കുന്നതിനായി ശില്പം ക്ഷേത്രത്തിൽ എത്തിച്ചുകഴിഞ്ഞു.
അരയിൽ ഇടതുകൈ കൊടുത്ത് വലത് കൈകൊണ്ട് അനുഗ്രഹിക്കുന്ന ഭാവമാണ്. രുദ്രാക്ഷമാല അണിഞ്ഞ് കഴുത്തിൽ നാഗവും ശിരസിൽ ഗംഗയും വഹിച്ച് ത്രിശൂലം ചേർത്തുവച്ച് ഭക്തരെ കടാക്ഷിക്കുന്ന രൂപമാണ്.
കളിമണ്ണിൽ നിർമ്മിച്ച് പിന്നീട് പ്ലാസ്റ്റർ ഒഫ് പാരീസിൽ മോൾഡ് ചെയ്തെടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്താണ് പൂർത്തിയാക്കിയത്.
ക്ളാവ് പിടിക്കാത്ത എസ്.എസ് 3 നോട്ട് സ്റ്റീൽ റാഡ് ഉള്ളിൽ വച്ചാണ് ശില്പം തീർത്തത്. കോൺക്രീറ്റിൽ ഉയരം കൂടിയ ശിവ ശില്പങ്ങൾ ഉണ്ടെങ്കിലും വെങ്കലത്തിൽ ഇത്രയും ഉയരത്തിലും തൂക്കത്തിലും ആദ്യമായാണ്.
ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ തൃശ്ശൂർ സർക്കിൾ സൂപ്രണ്ട് രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ, ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാർ, മൊട്ടമ്മൽ രാജൻ എന്നിവർ ശില്പം സ്ഥാപിക്കുന്ന സ്ഥലവും ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയും സന്ദർശിച്ചിരുന്നു. സുരേഷ് അമ്മാനപ്പാറ, കെ.വിനേഷ്, ബാലൻ പാച്ചേനി, കെ.സുരേഷ്, എം.വി. ശ്രീകുമാർ എന്നിവരാണ് ഉണ്ണിയെ നിർമ്മാണത്തിൽ സഹായിച്ചത്.
അനാച്ഛാദനത്തിന് പ്രധാനമന്ത്രി?
# പ്രമുഖ വ്യവസായിയും ഹൊറൈസൺ ഇന്റർനാഷനൽ ചെയർമാനുമായ തളിപ്പറമ്പിലെ മൊട്ടമ്മൽ രാജനാണ് പൂർണ്ണകായ വെങ്കല ശിവ ശില്പം സമർപ്പിക്കുന്നത്.
അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്ത് നൽകി കാത്തിരിക്കുകയാണ് ദേവസ്വം അധികൃതർ.
പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ തൃശ്ശൂർ സർക്കിൾ മേധാവികൾ ക്ഷേത്രം സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |