കാസർകോട്: വ്യാഴാഴ്ച രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങൾ ദുരന്തഭീഷണിയിൽ. പുഴകളെല്ലാം കരകവിയുകയും ദേശീയപാത നിർമ്മാണത്തിനായി ഇടിച്ച കുന്നുകൾ ഭീഷണിയുയർത്തുകയും ചെയ്യുന്നതിന് പുറമെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മധൂർ പട്ളയിൽ പ്രവാസിയായ യുവാവ് പുഴയിൽ വീണ് കാലവർഷക്കെടുതിക്കിരയായി. മധൂർ ശ്രീ മദനന്തേശ്വര സിദ്ദിവിനായക ക്ഷേത്രത്തിലുൾപ്പെടെ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞതിനെ തുടർന്നാണ് മധൂരിൽ വെള്ളപ്പൊക്കമുണ്ടായത്. പട്ലയിലും നിരവധി വീടുകളിൽ വെള്ളം കയറി.
ചിത്താരി പുഴ കരകവിഞ്ഞതിനെ തുടന്ന് നിരവധി വീടുകളിൽ വെള്ളത്തെ കയറി. ചിത്താരി വി.പി റോഡ്, കൂളിക്കാട്, കൊട്ടിലങ്ങാടി, നോർത്ത് ചിത്താരി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. കൊട്ടിലങ്ങാട്- അള്ളംകോട് റോഡിൽ ഗതാഗതം സ്തംഭിച്ചു. ചെമ്മട്ടംവയൽ, ആലായി, അരയി, മൂലക്കണ്ടം, എന്നിവിടങ്ങളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റോഡ് ഇടിഞ്ഞുവീണ് വിഷ്ണുമംഗലം ക്ഷേത്രത്തിനകത്തേക്ക് വെള്ളം കയറി.പുല്ലൂർത്തോട് കരകവിഞ്ഞതിനെത്തുടന്ന് ഇരു ഭാഗങ്ങളിലെ വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. തേജസ്വിനി കരകവിഞ്ഞ് തീരത്തെ ഗ്രാമങ്ങളിൽ വെള്ളം കയറി.
കെടുതിയിൽ മുങ്ങി മഞ്ചേശ്വരം
മഞ്ചേശ്വരം താലൂക്കിലാണ് മഴക്കെടുതി കൂടുതൽ.
മഞ്ചേശ്വരം പട്ടത്തൂരിൽ റോഡരികിലെ വയലിനോട് ചേർന്ന് വ്യാഴാഴ്ച രാത്രി നിർത്തിയിട്ട വാഹനങ്ങൾ അരകിലോമീറ്റർ ദൂരെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി. പട്ടത്തൂരിലെ അർപ്പിന്റെ കാറും ശിവപ്രസാദിന്റെ ബൈക്കുമാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. മഞ്ചേശ്വരം ഫസ്റ്റ് സിഗ്നലിന് സമീപത്തും മള്ഹറിന് സമീപത്തും നാൽപതോളം വീടുകളിൽ വെള്ളംകയറി. പൈവളിക ഉറുമിയിലെ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി), മുഹമ്മദ് എന്നിവരുടെ വീടുകളിലെ അടുക്കള ഭാഗങ്ങൾ പൂർണമായും നിലംപൊത്തി. മഞ്ചേശ്വരത്ത് മജ്‌വെയിലെ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി. ഹൊസങ്കടി ടൗൺ വെള്ളത്തിൽ മുങ്ങി. കടകളിലേക്കെല്ലാം വെള്ളം കയറി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ട്രെയ്നജ് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഹൊസങ്കടി ടൗൺ വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് എന്നീവിടങ്ങളിലെ നിരവധി വീടുകളിലും പള്ളികളിലും വെള്ളം കയറിയിട്ടുണ്ട്. മൊഗ്രാലിലും, ഉപ്പളയിലും വീടുകളിൽ വെള്ളം കയറി. ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.
കാസർകോട് താലൂക്കിലും കനത്ത കെടുതി
കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പുലിക്കുന്നിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം ഭാഗികമായി വഴിതിരിച്ചു വിട്ടു. കാസർകോട് എരിക്കുളം പുതിയകണ്ടം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ കൃഷിയിടങ്ങളിലും വെള്ളം കയറി. റോഡിന് സമീപത്തെ രാഘവന്റെ വീട്ടിലേക്കും വെള്ളം കയറിയിട്ടുണ്ട്. ചെർക്കളയിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ച് വന്ന നാശനഷ്ടങ്ങളുണ്ടായി. നാല് വീടുകളിൽ വെള്ളം കയറി.
കാസർകോട് ചട്ടംഞ്ചാലിൽ ദേശീയപാത തകർന്നു. സർവീസ് റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായി. ചെർക്കളയിൽ ലോറി കുഴിയിൽ വീണു. ഇന്നലെ പുലർച്ചെ നാലുമണിയോടെ മൊഗ്രാൽ ഏരിയാൽ വില്ലേജ് ഓഫീസിന്റെ സമീപപ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് പിന്നാലെ നിരവധി വീടുകളിൽ വെള്ളം കയറി. കാസർകോട് അഗ്നിശമന രക്ഷാ സേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവ സ്ഥലത്ത് എത്തി വെള്ളം കയറിയ വീടുകളിലെ മൂന്നോളം കുടുംബങ്ങളെ അവരുടെ ബന്ധുക്കളുടെ വീട്ടിൽ മാറ്റി താമസിപ്പിച്ചു.
കുട്ലു ഓഡിറ്റോറിയത്തിന് സമീപത്തെ തോട്ടിൽ ചപ്പുചവറുകൾ അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട് അമ്പതോളം വീടുകളിലേക്ക് വെള്ളം കയറി. ഉറക്കത്തിൽ ആയതിനാൽ ഭൂരിഭാഗം പേരും വെള്ളം കയറിയത് അറിഞ്ഞിരുന്നില്ല. പിന്നീട് ഇരുനിലകളിലുള്ളവർ ഒന്നാംനിലയിൽ കയറി സുരക്ഷിതരാകുകയായിരുന്നു. വെള്ളം കയറിയ വീട്ടിൽ നിന്ന് ഒഴിപ്പിച്ച കിടപ്പ് രോഗിയായ മുഹമ്മദ് (62 ) റൊഹിയാന മൻസിൽ, സൗദാന (32), മാസിയ (23 ) നസിയ( 55), ഷഹില (28), മുഹമ്മദ് ഫാസിൽ, ഫാത്തിമ എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി.നാട്ടിൽ പോയി തിരിച്ചുവരികയായിരുന്ന കോട്ടയം സ്വദേശിയായ ദിവ്യയും കുടുംബവും ഓട്ടോ യാത്രയ്ക്കിടെ വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് അഗ്നിശമനസേനയുടെ സഹായം തേടി. പ്രസീദ് എച്ച് ഉമേഷൻ, എസ്.അഭിലാഷ് അഖിൽ അശോകൻ, അരുണാ പി.നായർ, ഹോം ഗാർഡുമാരായ വി.എസ്.അജേഷ്, കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഈ കുടുംബത്തെ താമസസ്ഥലത്ത് എത്തിച്ചു.
ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞും മരം വീണും തടസപ്പെട്ട ഗതാഗതം അഗ്നിരക്ഷാസേന പുനസ്ഥാപിച്ചു. ചട്ടഞ്ചാലിൽ മഴവെള്ളപ്പാച്ചലിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം വഴിതിരിച്ച് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |