കണ്ണൂർ: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകൾ സഞ്ചാരികളെ ആകർഷിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ 63.43 ലക്ഷം രൂപയാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വരുമാനം. ടൂർ പാക്കേജുകളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമാണ് കണ്ണൂരിന്.
തീർത്ഥാടന യാത്രകളും മൺസൂൺ പാക്കേജുകളുമായി വരുമാനം കൊയ്യാൻ കൂടുതൽ പാക്കേജുകൾ തയാറാക്കിയിരിക്കുകയാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി. ജൂണിൽ കൊട്ടിയൂർ, കൊല്ലൂർ തീർത്ഥാടന യാത്രകളും ജൂലായിൽ നാലമ്പലം പഞ്ചപാണ്ഡവ ക്ഷേത്രദർശനം എന്നിവയും അടങ്ങിയ വിപുലമായ പ്ലാനാണ് തയാറാക്കിയിട്ടുള്ളത്.
കൊട്ടിയൂർ മുതൽ കുട്ടനാട് വരെ മലക്കപ്പാറ, കുട്ടനാട് പാക്കേജ് ജൂൺ ആറ്, 20 തീയതികളിൽ വൈകീട്ട് എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറിന് കണ്ണൂർ തിരിച്ചെത്തുന്ന രീതിയിലാണ്. ഒന്നാമത്തെ ദിവസം കുട്ടനാട്ടിൽ വേഗ ബോട്ടിലൂടെ സൈറ്റ് സീയിംഗ്, രണ്ടാമത്തെ ദിവസം വാഴച്ചാൽ വെള്ളച്ചാട്ടം കണ്ട് മലക്കപ്പാറ സന്ദർശിക്കും.
കൊട്ടിയൂരിലേക്ക് പ്രത്യേക സർവ്വീസുകൾ
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലും പ്രത്യേക ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്. ജൂൺ 14, 18, 21, 24 തീയതികളിൽ രാവിലെ 6.30ന് കണ്ണൂരിൽനിന്നും പുറപ്പെട്ട് മാമാനത്തമ്പലം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പുരളിമല ക്ഷേത്രം, വൈകീട്ട് കൊട്ടിയൂരമ്പലം എന്ന രീതിയിലാണ് ട്രിപ്പ്.
മൂകാംബിക ദേവിയുടെ ദർശനത്തോടൊപ്പം കുടജാദ്രിയുടെ ഭംഗികൂടി ആസ്വദിക്കാനുള്ള ലക്ഷ്യത്തോടെ ജൂൺ 13, 27 തീയതികളിൽ രാത്രി 8.30ന് യാത്ര തുടങ്ങും.
മൺസൂൺ പാക്കേജ്
മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി പൈതൽമല ഏഴരകുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവ സന്ദർശിക്കുന്ന പാക്കേജ് എട്ട്, 22 തീയതികളിലാണ്. രാവിലെ 6.30ന് കണ്ണൂരിൽനിന്നും ആരംഭിച്ച് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. 15, 29 തീയതികളിലാണ് റാണിപുരം യാത്ര. രാവിലെ ആറിന് കണ്ണൂരിൽനിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തും. റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും.
ജൂൺ 15, 29 തീയതികളിൽ രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയന്റ് എന്നി അഞ്ചു ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് രാത്രി 11ന് കണ്ണൂരിൽ തിരിച്ചെത്തും.
ബുക്കിംഗിന് വിളിക്കാം: 9497007857, 8089463675.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |