കാസർകോട് :തെയ്യംകലാകാരൻ അഡൂർ ചന്ദനക്കാട്ടിലെ ടി.സതീശൻ എന്ന ബിജു(46) മരിച്ചത് മർദ്ദനത്തിൽ കഴുത്തെല്ല് പൊട്ടിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നരഹത്യക്ക് കേസെടുത്ത പൊലീസ് സുഹൃത്തായ ചന്ദനക്കാട്ടിലെ ചിദാനന്ദനെ(32) ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജ്, ബേഡകം ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് അയൽവാസിയായ സോമണ്ണ നായകിന്റെ വീട്ടുവരാന്തയിൽ ബിജുവിനെ അവശനിലയിൽ കണ്ടത്. നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
സൂചന നൽകിയത് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ബിജുവിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം ചെയ്‌തപ്പോഴാണ് അടിയേറ്റ് കഴുത്തെല്ല് പൊട്ടിയതും വീഴ്ചയുടെ ആഘാതത്തിലുമുണ്ടായ പരിക്കുകളുമാണ് മരണത്തിന് കാരണമെന്ന് വ്യക്തമായത്. ഇതോടെ അന്വേഷണച്ചുമതല ബേക്കൽ ഡിവൈ.എസ്.പി ഏറ്റെടുക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തോടെ ചിദാനന്ദൻ കുറ്റം സമ്മതിച്ചു. ബിജുവിന്റെ അയൽവാസിയായ സോമണ്ണ നായക്കി വീട്ടിൽ ബിജുവും ചിദാനന്ദനും മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ബിജുവിനെ ചിദാനന്ദൻ മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു. അടിയേറ്റ് ബിജുവിന്റെ വാരിയെല്ല് ഒടിഞ്ഞതായും കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
വരാന്തയിൽ എടുത്തുകിടത്തി പ്രതി സ്ഥലംവിട്ടു
മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിൽ തള്ളിയിട്ടപ്പോൾ തലകുത്തി വീണ ബിജുവിനെ വരാന്തയിൽ എടുത്തു കിടത്തി മരുന്ന് പുരട്ടിയാണ് ചിദാനന്ദൻ സ്ഥലംവിട്ടത്. വേദനക്കുള്ള ഗുളികയും നൽകിയിരുന്നു. രണ്ടു ദിവസമായി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് സഹോദരി സൗമിനി അന്വേഷിച്ചെത്തിയപ്പോഴാണ് ബിജുവിനെ സോമണ്ണ നായക്കിന്റെ വീട്ടുവരാന്തയിൽ കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിജു അബോധാവസ്ഥയിലായത് കണ്ട് സ്ഥലംവിട്ട ചിദാനന്ദൻ ആശുപത്രിയിൽ എത്തിച്ചപ്പോഴോ പിന്നീട് സംസ്‌ക്കാര ചടങ്ങുകളിലോ സംബന്ധിക്കാതിരുന്നത് അന്വേഷണ സംഘം ശ്രദ്ധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |