കൊട്ടിയൂർ: കൊട്ടിയൂർ പെരുമാളുടെ തിരുനടയിൽ തണ്ടയാന്മാർ ഇന്നലെ രാത്രി ഇളനീർ സമർപ്പിച്ചു.വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എണ്ണയും ഇളനീരുമായി ഇന്നലെ കൊട്ടിയൂരിലെത്തി.കഞ്ഞിപ്പുരകളിൽ താമസിച്ചു വന്ന
തണ്ടയാൻ സ്ഥാനികർ ഇന്നലെ സന്ധ്യയോടെ ഇളനീർ കാവുകളും എഴുന്നള്ളിച്ച് അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദംചേരിയിൽ എത്തിച്ചേർന്നു.
ബാവലിപ്പുഴയിൽ മുക്കിച്ചെന നടത്തിയ ശേഷം വ്രതക്കാർ രാത്രിയിൽ ഇളനീർ വെപ്പിനുള്ള രാശി വിളിക്കുന്നതിനായി പുഴക്കരയിൽ കാത്തിരുന്നു. രാത്രി പൂജകൾക്ക് ശേഷം മുഹൂർത്തം നോക്കി രാശി വിളിച്ചതോടെ ബാവലിക്കരയിൽ മുഹൂർത്തം കാത്തിരുന്ന വ്രതക്കാർ പുഴ കടന്ന് ഓടിയെത്തി തിരുവൻചിറയിൽ സ്ഥാപിച്ചിരുന്ന തട്ടും പോളയേയും മൂന്നുവട്ടം വലം വച്ച് ഇളനീർ കാവുകൾ സമർപ്പിച്ചു.വീരഭദ്ര വേഷം ധരിച്ച അഞ്ഞൂറ്റാൻ തിരുവൻചിറയുടെ കിഴക്കേ നടയിൽ ഒറ്റക്കാലിൽ നിന്നു കൊണ്ട് ഭക്തരെ അനുഗ്രഹിച്ചു. ഭണ്ഡാരം പെരുക്കി വ്രതക്കാർ മടങ്ങി. ഇളനീർ വെപ്പ് പൂർത്തിയായതോടെ എരുവട്ടി തണ്ടയാൻ തിരുനടയിൽ എള്ളെണ്ണ സമർപ്പിച്ചു. കത്തി തണ്ടയാന്മാർ ഇളനീർ ചെത്താനുള്ള കത്തികളും സമർപ്പിച്ചു.
അഷ്ടമി ആരാധനയും ഇളനീരാട്ടവും ഇന്ന്
ഇന്ന് രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് ഇന്നലെ ഇളനീർ വ്രതക്കാർ സമർപ്പിച്ച ഇളനീരുകളുടെ കാവുകൾ നീക്കം ചെയ്ത് മുഖം ചെത്തി മിനുക്കി മണിത്തറയിൽ കൂട്ടിത്തുടങ്ങും.ഇത് പൂർത്തിയായാൽ ഉച്ചയ്ക്ക് അതീവ ഗൂഢ പൂജയായ അഷ്ടമി ആരാധന നടക്കും.ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമി ആരാധന. പന്തീരടി കാമ്പ്രം സ്ഥാനികനായിരിക്കും കാർമ്മികൻ. തെയ്യംപാടിയുടെ വീണാവാദനത്തിനൊപ്പം നടത്തുന്ന പൂജയിൽ പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമെ പാടുള്ളു. പൂജാസമയത്ത് ആരും പ്രദക്ഷിണവഴിയായ തിരുവൻചിറയിൽ ഇറങ്ങാൻ പാടില്ല.
രാത്രിയിലാണ് ഇളനീരാട്ടം.കാവു നീക്കിയ ഇളനീരുകൾ ബ്രാഹ്മണർ ചേർന്ന് മണിത്തറയിൽ ശ്രീകോവിലിനുള്ളിൽ കൂട്ടിയിടും.തുടർന്ന് ദൈവം വരവ് എന്നറിയപ്പെടുന്ന കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്തിനായി കാത്തിരിക്കും. അതിവേഗത്തിൽ ഓടി എത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും. അനുമതി നൽകി ദൈവം മടങ്ങിയാൽ പെരുമാൾക്ക് ഇളനീരഭിഷേകം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |