കണ്ണൂർ: കനത്ത മഴ തുടരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണു പ്രവചിച്ചിരിക്കുന്നത്. കണ്ണൂരിൽ കടലാക്രമണം ശക്തമാണ്. പഴയങ്ങാടി ചെങ്ങൽ ഭാഗത്ത് ഉരുൾപൊട്ടൽ ഭീഷണി. 5 വീട്ടുകാരോട് മാറി താമസിക്കാൻ ഏഴോം വില്ലേജ് അധികൃതർ ആവശ്യപെട്ടു. കുന്നിൻ ചെരിവ് പ്രദേശമാണ്. നേരത്തെ ഉരുൾ പൊട്ടൽ ഉണ്ടായപ്രദേശമാണ്. പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി.
തുടർച്ചയായി പെയ്യുന്ന മഴയിൽ മിക്കയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി തുടരുകയാണ്. ചപ്പാരപ്പടവ് ടൗൺ, പന്നിയൂർ പൂമംഗലം കൂളി കുണ്ട്, പൂമംഗലം മാഴൂർ റോഡ്, തൃച്ചംബരം ഭാഗത്തുള്ള റോഡ്, കാക്കാത്തോട് ബസ് സ്റ്റാൻഡ്, കുറുമാത്തൂർ കാണിച്ചമൽ എന്നിവിടങ്ങൾ കനത്തമഴയിൽ വെള്ളക്കെട്ടിലായി.
പരിയാരത്ത് ദേശീയ പാതയിൽ വെള്ളക്കെട്ടായതോടെ സമീപത്തെ വി.വി കരുണാകരന്റെ വീട്ടിൽ വെള്ളം കയറി. കുറുമാത്തൂർ കാണിച്ചമലിൽ വെള്ളക്കെട്ട് ഉണ്ടായതോടെ നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. പന്നിയൂർ പൂമംഗലം കൂളിക്കുണ്ടിൽ പി.പി. ലക്ഷമണൻ, സത്യൻ ഉപ്പേരി, രാധ, സുമേഷ്, കൃഷ്ണൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പൂമഗലം മഴുർ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പ്രതിസന്ധിയിലായി.
കുറുവ പാലത്തിനു സമീപം കോട്ടമ്മൽ കുന്ന് കനത്ത മഴയിൽ ഇടിഞ്ഞു. അപകട സാദ്ധ്യതയുള്ളതിനാൽ സമീപത്തെ മൂന്ന് കുടുംബങ്ങളോടും ബന്ധു വീടുകളിലേക്ക് മാറി താമസിക്കുവാൻ ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ് പുല്ലാഞ്ഞിക്കാട് നിർദ്ദേശം നൽകി. തളിപ്പറമ്പ് മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് ബൈക്ക് യാത്രികൻ കൂനം സ്വദേശി പി.പി സുനേഷിന് പരിക്കേറ്റു. ആലക്കോട് ഐന്റേഷൻ ദേവകിയുടെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. താമസക്കാരായ ദേവകിയും മകൾ അമ്പിളിയും മകന്റെ വീട്ടിലേക്ക് മാറി താമസിക്കാൻ റവന്യു അധികൃതർ നിർദ്ദേശം നൽകി. പരിയാരം ഇരിങ്ങൾ നിവാസി കെ.പി മിഥുന്റെ വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞു പോർച്ച് തകർന്നു. ആളപായമില്ല. ചെക്കിക്കടവ് പാലത്തിനു സമീപം വലിയവളപ്പിൽ ഷാജിയുടെ വീടിനു സമീപം കരയിടിച്ചിൽ ഉണ്ടായതോടെ കുടുംബത്തോട് മാറി താമസിക്കുന്നതിനു റവന്യു അധികൃതർ നിർദേശം നൽകി. പട്ടുവം വില്ലേജിൽ മുതുകുടയിൽ മഠത്തിൽ അബ്ദുൾ സലാം, കയ്യം കാനാമഠത്തിൽ പ്രകാശൻ എന്നിവരുടെ വീടുകൾ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി.
അവധി നൽകാത്തതിൽ പ്രതിഷേധം
ജില്ലയിൽ സ്‌കൂൾ അവധി പ്രഖ്യാപിക്കാത്തതിനെതിരെ ചില രക്ഷിതാക്കൾ രംഗത്തെത്തി. കലക്ടറുടെ പേജിലുൾപ്പെടെ അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചു. ഇന്നലെ രാവിലെ അതിശക്തമായ മഴ പെയ്തതിനാൽ വിദ്യാർത്ഥികളെ സ്‌കൂളിലയയ്ക്കാൻ ബുദ്ധിമുട്ടി.
വണ്ണായിക്കടവ് പാലം മുങ്ങി
പയ്യാവൂർ ചന്ദനക്കാംപാറ റോഡിൽ നിന്ന് നെല്ലിക്കുറ്റി ചെമ്പേരി ഭാഗത്തേക്കു പോകുന്ന റോഡിലെ വണ്ണായിക്കടവ് പാലം വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് പാലത്തിൽ വെള്ളം കയറുന്നത്. സ്‌കൂൾ പ്രവൃത്തി ദിനമാണെങ്കിലും പാലം കടന്ന് പോകേണ്ട വിദ്യാർഥികളെ നാട്ടുകാർ ഇടപെട്ട് തിരിച്ചയച്ചു.
നോവായി പശുക്കളുടെ കൂട്ട മരണം
കനത്ത മഴയിലും കാറ്റിലും കണ്ണൂരിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. എടക്കോം കണാരംവയലിൽ ശ്യാമളയുടെ പശുക്കളാണ് ചത്തത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടിയതോടെ വൈദ്യുതി പ്രവഹിച്ചുവെന്നാണ് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് ജഴ്സിപ്പശുക്കളും മൂന്ന് എച്ച്.എഫ് ഇനവുമാണ് ചത്തത്.വെറ്റിനറി ഡോക്ടറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |