കണ്ണൂർ:പ്രധാനാദ്ധ്യാപകരുടെ കീശ കാലിയായതോടെ പരിഷക്കരിച്ച ഉച്ചഭക്ഷണ മെനു പ്രതിസന്ധിയിൽ.എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ്, മുട്ട അവിയൽ, മുട്ട റോസ്റ്റ് എന്നിവയായിരുന്നു പുതിയ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയത്.എന്നാൽ
ഇരട്ടി സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതിനാൽ മിക്ക സ്കൂളുകളിലെയും പ്രധാനാദ്ധ്യാപകർ പരിഷ്കരിച്ച മെനുവിൽ നിന്നും പിന്നോട്ടടിച്ചിരിക്കുകയാണ്.
തുടക്കത്തിൽ കുറച്ച് ദിവസം മെനു അനുസരിച്ചുള്ള ഭക്ഷണം ചുരുക്കം ചില സ്കൂളുകളിൽ നൽകിയെങ്കിലും ഇപ്പോൾ പഴയ മെനു പ്രകാരമാണ് ഭക്ഷണം നൽകുന്നത്. സാമ്പാർ, ഉപ്പേരി, മോര് കറി ഒപ്പം ചോറും. പോഷകാരോഗ്യത്തിനായി മുട്ടയും പാലും നൽകുന്നുണ്ട്.
700 കുട്ടികൾക്ക് ഒരു ലക്ഷം ചിലവ്
പുതിയ മെനു പ്രകാരം 700 കുട്ടികൾ ഉള്ള ഒരു സ്കൂളാണെങ്കിൽ ഉച്ചഭക്ഷണത്തിന് ഒരു മാസം ഒരുലക്ഷത്തോളം രൂപ ചെലവ് വരും. ഇത് സർക്കാർ കൃത്യമായി നൽകിയില്ലെങ്കിൽ അദ്ധ്യാപകർക്ക് വിലയ ബാദ്ധ്യതയാകും. നിലവിൽ പുതിയ മെനു നൽകിയ സ്കൂളുകൾക്കും പഴയ മെനു അനുസരിച്ച് ഭക്ഷണം നൽകിയ സ്കൂളുകൾക്കും ഫണ്ട് ലഭിച്ചിട്ടില്ല. പ്രധാനാദ്ധ്യാപകർ ഇപ്പോൾ തന്നെ കടക്കെണിയിലാണ്. ഈ മാസം ഉച്ചഭക്ഷണം നൽകുന്നതിനായി നെട്ടോട്ടമോടുകയാണ് ഇവർ.
ഫണ്ട് അനുവദിക്കാതെ സർക്കാർ
മെനുവിൽ വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനനുസരിച്ച് സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. ഇതോടെ വെട്ടിലായത് പ്രധാനാദ്ധ്യാപകരാണ്.ഇത്രയും വിഭവങ്ങൾ കുറഞ്ഞ സമയത്തിൽ ഉണ്ടാക്കുക എന്നതും പ്രതിസന്ധിയാണ്. 500 കുട്ടികൾക്ക് ഒരു പാചകതൊഴിലാളി എന്നതാണ് ഇപ്പോഴും സർക്കാർ അനുപാതം. ഒരു കുട്ടിക്ക് എൽ.പി ക്ലാസിൽ 6.78 രൂപയും യു.പി മുതൽ 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിന് ഒരു ദിവസം അനുവദിക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് നിരക്കിൽ മാറ്റം വരാം. അരി മാവേലി സ്റ്റോറുകളിൽ നിന്ന് ലഭിക്കും. പാചകക്കൂലിയും സർക്കാർ നൽകും. പാചകവാതകം, പച്ചക്കറികൾ ഇവ എത്തിക്കാനുള്ള വാഹനക്കൂലിയും ചേർത്താണ് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 60 പൈസയുടെ വർദ്ധനവ് മാത്രമാണ് സർക്കാർ നടപ്പിൽ വരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |