കണ്ണൂർ : നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും പയ്യാമ്പലം വാതകശ്മശാനത്തിലെ അറ്റകുറ്റപണികൾ തീർക്കാത്തതിനെ തുടർന്ന് നിർമ്മാണകമ്പനിയുമായുള്ള കരാർ റദ്ദാക്കി നിയമ നടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.കോർപറേഷൻ ഫണ്ട് ഇനിയും തുരുമ്പെടുക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നായിരുന്നു യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങളുടെ പൊതുവായ അഭിപ്രായം.
പയ്യാമ്പലത്തെ വാതക ശ്മശാന നിർമാണവുമായി ബന്ധപ്പെട്ട് കരാർ ഏറ്റെടുത്ത എസ്‌കോ ഫേർനനെസെസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് നിയമനടപടി. .കോർപറേഷനുണ്ടായ നഷ്ടം കരാർ ചെയ്ത കമ്പനിയിൽ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടിയും സ്വീകരിക്കും. രണ്ടുവർഷം ഗ്യാരണ്ടിയാണ് നിർമ്മാണ കമ്പനി ഉറപ്പ് നൽകിയിരുന്നത്.. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ശ്മശാനം തകരാറിലായി. ശ്മശാനത്തിന്റെ റിപ്പയർ പ്രവൃത്തികൾ നടത്താൻ കമ്പനിയോട് ആവശ്യപ്പെട്ടപ്പോൾ വീണ്ടും 18 ലക്ഷം രൂപയുടെ പ്രൊപ്പോസൽ നൽകുകയായിരുന്നു.
പല തവണ മേയറുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി ചർച്ച നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. ഏറ്റവുമൊടുവിൽ ജൂലായ് നാലിന് നടത്തിയ ചർച്ചയിൽ ഒരാഴ്ചക്കുള്ളിൽ ശ്മശാനം പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ സ്ഥാപനത്തോട് ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇതെ തുടർന്നാണ് കരാർ ലംഘനത്തിന് സ്ഥാപനത്തിന്റെ സ്വന്തം നഷ്ടോത്തരവാദിത്വത്തിൽ കരാർ റദ്ദാക്കി കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ശ്മശാനം പ്രവർത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു.പയ്യാമ്പലം ശ്മശാനത്തിൽ നിന്നും ലഭിച്ച ഫീസ് കോർപറേഷനിൽ അടക്കാതെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും കൗൺസിലിൽ ചർച്ചയായി.താൽക്കാലിക ജോലിക്കാരനായ സുനിൽകുമാറാണ് 2,19000 രൂപയുടെ ക്രമക്കേട് നടത്തിയത്. ഈയാൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മേയർ മുസ്ലീഹ് മഠത്തിൽ പറഞ്ഞു.
അടിപ്പാതക്കായി അടിയന്തിരപ്രമേയം
എടക്കാട് ദേശീയ പാതയിൽ ഒ.കെ യു.പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണപ്പെന്നാവശ്യപ്പെട്ട് കൗൺസിലിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു. നാഷണൽ ഹൈവേ അതോറിറ്റിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിഷയത്തിൽ ഇടപ്പെട്ട് സത്വര നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച എടക്കാട് ഡിവിഷൻ കൗൺസിലർ കെ.വി.സവിത ആവശ്യപ്പെട്ടു. കൗൺസിലർമാരായ അഡ്വ. ടി.ഒ.മോഹനൻ, പി.വി.കൃഷ്ണകുമാർ, കെ.പ്രദീപൻ, സുരേഷ് ബാബു എളയാവൂർ എളയാവൂർ, ടി.രവീന്ദ്രൻ ഉൾപ്പെടെ കൗൺസിൽ ഏകകണ്ഠമായി പ്രമേയത്തെ പിന്തുണച്ചു. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. കെ സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാരിനോടാവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |