കാസർകോട്: ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് ഏഴ് തൊഴിലാളികളുടെ ജീവൻ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയുണ്ടായ അപകടങ്ങൾ സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതരമായ വീഴ്ചയാണ് തുറന്നുകാട്ടപ്പെടുന്നത്.
ഇന്നലെ കുമ്പളയ്ക്കും - മൊഗ്രാൽപുത്തൂരിനും ഇടയിലായി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ (26) എന്നിവരാണ് ഏറ്റവുമൊടുവിൽ മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂർ ദേശീയപാതയിൽ ക്യാമറ സ്ഥാപിക്കുമ്പോൾ ലോറി ഇടിച്ചുകയറി രാജ്കുമാർ മാത്തൂർ (25, ബീഹാർ), ദാമൂർ അമിത്ത് ഗണപതി ഭായി (23, രാജസ്ഥാൻ) എന്നിവർ മരിച്ചത് രണ്ട് മാസം മുമ്പാണ്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി മംഗളൂരുവിൽ ചികിത്സയിലാണ്. ചെർക്കള ഫ്ലൈ ഓവർ നിർമ്മാണത്തിൽ ഏർപ്പെട്ട അസം സ്വദേശി റാക്കിബുൽ ഹഖ് (27) ഫ്ലൈ ഓവർ താഴേക്ക് വീണ് മരിച്ചത് രണ്ട് ദിവസം മുമ്പാണ്. ചെറുവത്തൂർ മട്ടലായിയിൽ കുന്നിടിഞ്ഞ് മണ്ണിടിച്ചിലിൽപ്പെട്ട് ഒരു തൊഴിലാളി ദാരുണമായി മരിച്ചതും ഈ മഴക്കാലത്താണ്. കാസർകോട് ടൗണിൽ ഒറ്റത്തുൺ മേൽപ്പാലം നിർമ്മാണത്തിനിടെ മുകളിൽ നിന്ന് വീണ് മറ്റൊരു തൊഴിലാളിയും മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
ഏഴ് തൊഴിലാളികൾ മരിച്ചിട്ടും സേഫ്റ്റി ഓഫീസർ ഇല്ലാത്തത് അധികാരികളുടെ അനാസ്ഥയാണ് തെളിയിക്കുന്നത്.നിർമ്മാണ കമ്പനികളും മേൽനോട്ട ഏജൻസികളും കുടുതൽ ഉത്തരവാദിത്തം കാട്ടണമെന്നാണ് പൊതുജനം പറയുന്നത്. സുരക്ഷ ഉറപ്പാക്കാതെ ജോലികൾ തുടരാൻ അനുവദിക്കരുതെന്ന് തൊഴിലാളി സംഘടനാ നേതാക്കളും പറയുന്നു. മൊഗ്രാൽപുത്തൂരിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രൈയിനിൽ ഘടിപ്പിച്ച ബാസ്ക്കറ്റ് പൊട്ടിവീണത് ബന്ധിപ്പിക്കാൻ ഉപയോഗിച്ച ഇരുമ്പ് കയർ മുറിഞ്ഞ് പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.എൻ.എച്ച്.എ (ദേശീയപാത അതോറിറ്റി) അപകടം സംബന്ധിച്ച് നിർമ്മാണ കമ്പനികളോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.
ഗൗരവമില്ലാത്ത അന്വേഷണം
വിവിധ അപകടമരങ്ങളിൽ കേസെടുത്ത കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, ചെറുവത്തൂർ, കാസർകോട് സ്റ്റേഷനുകളിലെ പൊലീസ് ഗൗരവതരമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ഇതിനകം പരാതി ഉയർന്നിട്ടുണ്ട്. മരിച്ചവരിൽ പലരും അന്യ സംസ്ഥാന തൊഴിലാളികളാണെന്നതാണ് അന്വേഷണത്തിന്റെ ഗൗരവം കുറഞ്ഞതിന് പിന്നിൽ. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിരുന്നോയെന്നു പോലും ഗൗരവമായി പരിശോധിക്കപ്പെട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിർമ്മാണ കമ്പനികൾ കുടുംബത്തിന് നഷ്ടപരിഹാരം നൽകി തടിയൂരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചെറുവത്തൂരിൽ നഷ്ടപരിഹാരത്തിന്റെ പേരിൽ തൊഴിലാളികൾ കമ്പനി അധികൃതരെ തടഞ്ഞുവെച്ചിരുന്നു.
ഉയരുന്ന ചോദ്യങ്ങൾ
അപകടപ്പെട്ട തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നോ?
മഴക്കാലത്ത് അപകട സാദ്ധ്യത വിലയിരുത്തി ജോലി നിയന്ത്രിച്ചിരുന്നോ?
ദേശീയപാത നിർമ്മാണത്തിന്റെ സ്പീഡ്-ടാർഗറ്റ് സമ്മർദ്ദം ബാധിച്ചിരുന്നോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |