മാഹി:വരയുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് ഇന്ന് ജന്മശതാബ്ദി. കലാജീവിതത്തിന്റെ ഒട്ടേറെ നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മാഹി കലാഗ്രാമവും ഇന്ന് നമ്പൂതിരിയുടെ ഓർമ്മയിലാണ്. കലാഗ്രാമത്തിന്റെ തുടക്കത്തിൽ അസിസ്റ്റന്റ് ഡയറക്ടറും പിന്നീട് എം.വി.ദേവന്റെ വിയോഗത്തിന് ശേഷം മരണം വരെ ഡയറക്ടർ പദവിയും കൈയാളിയ മഹാനായ ചിത്രകാരൻ ഈ സ്ഥാപനത്തിന്റെ സർഗ്ഗപരമായ വളർച്ചയിൽ വഹിച്ച പങ്ക് ഏറെ വലുതാണ്.
തൊണ്ണൂറുകളുടെ ആദ്യം കലാഗ്രാമത്തിന്റെ മുറ്റത്ത് തയ്യാറാക്കിയ കൂറ്റൻ ക്യാൻവാസിൽ കഥകളിപദങ്ങളുടെ പശ്ചാത്തലത്തിൽ കളിയരങ്ങിനെ ക്യാൻവാസിൽ ചടുലതയോടെ അവതരിപ്പിച്ച ദൃശ്യം ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നവർ ഏറെയുണ്ട്. കലാഗ്രാമത്തിന്റെ കവാടത്തിൽ കരിങ്കല്ലിൽ നമ്പൂതിരി തീർത്ത കെ.പി.കേശവമേനോന്റെ ശിൽപ്പം ശ്രദ്ധേയമാണ്. കലാഗ്രാമത്തിൽ ഓർമ്മക്കുറിപ്പുകൾ പോലെ തന്റെ ആത്മ മിത്രങ്ങളായ എം.ഗോവിന്ദൻ, എ.പി.കുഞ്ഞിക്കണ്ണൻ, ജി.അരവിന്ദൻ, എം.വി.ദേവൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, തുടങ്ങിയവരുടെ രേഖാചിത്രങ്ങൾ നമ്പൂതിരി മനോധർമ്മത്തിൽ വരച്ച് സോദാഹരണ പ്രഭാഷണം നടത്തിയിരുന്നു.
പഠിതാക്കളായ കുട്ടികൾ തനിക്ക് നേരെ ആദരവോടെ നീട്ടുന്ന ഓട്ടോഗ്രാഫുകളിൽ രേഖാചിത്രങ്ങളായിരുന്നു അദ്ദേഹം വരച്ചുനൽകിയിരുന്നത്.ഒരിക്കൽ ചെന്നൈ അഡയാർകലാക്ഷേത്രയിൽ മാഹി മലയാള കലാഗ്രാമത്തെ പ്രതിനിധീകരിച്ച നമ്പൂതിരി നാടൻ കലകളെ അധികരിച്ച് വലിയ കാൻവാസിൽ ചിത്രം വരച്ച് സോദാഹരണ പ്രഭാഷണം നടത്തിയിരുന്നു.
മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ വച്ച് ഇ.എം.എസിനെ മുന്നിൽ നിർത്തി വരച്ച രേഖാചിത്രം മലയാളക്കര ഏറ്റെടുത്തുകയായിരുന്നു.
ആത്മമിത്രമായ എ.പി.കുഞ്ഞിക്കണ്ണന്റെ ജീവചരിത്രഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് ഏറ്റവുമൊടുവിൽ അദ്ദേഹം മാഹി കലാഗ്രാമത്തിലെത്തിയത്. പിന്നണി ഗായകൻ പി.ടി.മുരളിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറിയായിരുന്നു അദ്ദേഹം പുസ്തകം പ്രകാശനം ചെയ്തത്.നമ്പൂതിരിയുടെ നൂറാം ജൻമ വാർഷികം എടപ്പാളിലെ കരുവാട്ട് മനയിൽ ഇന്ന് ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചാർക്കോളിൽ ചെയ്ത 30 ഓളം തെരഞ്ഞെടുത്ത നമ്പൂതിരിച്ചിത്രങ്ങളുടെ ദശദിന പ്രദർശനം കൂത്തുപറമ്പ് ഏഷ്യൻ ആർട്സ് ഗാലറിയിൽ അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ സുരേഷ് കൂത്തുപറമ്പ് ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |