പയ്യന്നൂർ: വീട്ടുകാർ ഉറങ്ങി കിടക്കവേ വീടിന്റെ പുറക് വശത്തെ വാതിൽ കുത്തി തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിൽ സ്ഥിര താമസമാക്കിയ മൂവാറ്റുപുഴ സ്വദേശി നൗഫലിനെ (40) യാണ് പയ്യന്നൂർ എസ്.ഐ , പി. യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ( ആഗസ്റ്റ് ) 28 ന് പുലർച്ചെയാണ് കോറോം മുതിയലം പള്ളിത്തറയിലെ മാധവൻ നമ്പൂതിരിയുടെ വീട്ടിൽ കവർച്ച നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 20,000 രൂപയും രണ്ട് ഗ്രാം സ്വർണ്ണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള ഭാഗത്തെ വാതിൽ കുത്തി തുറന്നായിരുന്നു കവർച്ച. പൊലീസ് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവ് ബസ് മാർഗം പ്രദേശത്തെത്തി നടന്നു പോകുന്ന ദൃശ്യവും പുലർച്ചെ രണ്ട് മണിയോടെ വീട്ടിലേക്ക് മോഷണത്തിന് എത്തുന്ന ദൃശ്യവും ലഭിച്ചിരുന്നു. തുടർന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |