കണ്ണൂർ:കോർപ്പറേഷൻ ഓഫീസിലെ സൈറന്റെ മുഴക്കം കൂടുതലാണെന്ന് കാട്ടി കത്ത് നൽകിയ ജില്ലാകളക്ടർ
അരുൺ കെ.വിജയനെതിരെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വൻ പ്രതിഷധം. സൈറൺ മുഴക്കം അനുവദനീയപരിധിയിൽ കൂടുതലാണെന്നതിനാൽ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടർ കഴിഞ്ഞ ദിവസമാണ് കോപ്പറേഷന് കത്ത് നൽകിയത്.ഇതിന് പിന്നാലെ മേയർ വിളിച്ചുചേർത്ത അടിയന്തിര കൗൺസിൽ യോഗമാണ് കളക്ടറുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. തുടർന്നും സൈറൺ മുഴക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.
ശബ്ദമലിനീകരണമുണ്ടാക്കാത്ത ബദൽ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളിൽ ഏർപ്പെടുത്തിയില്ലെങ്കിൽ സൈറൺ കണ്ടുകെട്ടുമെന്ന് കളക്ടർ കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതിരാവിലെ മുഴങ്ങുന്ന സൈറൺ ക്യാമ്പ് ഓഫിസിലെ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് പരാതി നൽകിയത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് കളക്ടർ കോർപ്പറേഷന് കത്ത് നൽകിയത്. സൈറൺ വിഷയത്തിൽ കളക്ടർക്കും ഡി.ഐ.ജിക്കുമെതിരെ രൂക്ഷ വിമർശനമാണ് കൗൺസിൽ യോഗത്തിൽ ഉയർന്നത്. സൈറൺ മുഴക്കി കളക്ടർക്കെതിരെ പ്രതിഷേധിക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു .
ഉറക്കം നഷ്ടപ്പെടുന്നത് ഡി.ഐ.ജിക്ക് !
നിലവിൽ രാവിലെ ആറ്, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് ആറ് എന്നീ സമയങ്ങളിലാണ് സൈറൺ മുഴങ്ങുന്നത്. ഡി.ഐ.ജി ക്യാംപ് ഓഫീസിലെ ജീവനക്കാർക്ക് ഇത് ശല്യമാകുന്നുവെന്നാണ് ഡി.ഐ.ജിയുടെ പരാതി. എന്നാൽ ഓഫിസിലെ ജീവനക്കാർക്കല്ല ഡി.ഐ.ജിയുടെ ഉറക്കം തടസപ്പെടുന്നതാകാം കാരണമെന്ന് കൗൺസിലർമാർ പറഞ്ഞു.ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സിയാദ് തങ്ങൾ, എം.പി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
കളക്ടറുടെ കത്തിൽ
സൈറണിന്റെ ശബ്ദം അനുവദനീയമായ അളവിൽ കൂടുതൽ
ഇത് പ്രായമായവർക്കും കുട്ടികൾക്കും പ്രയാസമാകുന്നു
ശബ്ദ തീവ്രത കൂടുതലാണെന്ന് എൻവെയൺമെന്റൽ എൻജിനീയർ കണ്ടെത്തിയിട്ടുണ്ട്.
ശബ്ദ തീവ്രത കുറക്കണം.അല്ലെങ്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തണം
രാവിലത്തെ സൈറൺ അസഹനീയമാണെന്ന പരിസരവാസികളുടെ പരാതി റേഞ്ച് ഡി.ഐ.ജി കൈമാറിയിരുന്നു
സൈറൺ ചരിത്രം
1965 ൽ ഇന്ത്യാപാക് യുദ്ധ സമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് തദ്ദേശസ്ഥാപനങ്ങളിൽ സൈറൺ സ്ഥാപിച്ചത്. പരിസരത്തുള്ളവർക്ക് സമയം അറിയിക്കാൻ പിന്നീട് സൈറൻ തുടരുകയായിരുന്നു.നേരത്തെ പരിസരവാസികൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ നിർത്തലാക്കിയിരുന്നെങ്കിലും പിന്നീട് ശബ്ദം കുറച്ച് പ്രവത്തിപ്പിക്കുകയായിരുന്നു.
സൈറണിൽ ഒറ്റക്കെട്ട്
ഭരണ പ്രതിപക്ഷഭേദമില്ലാതെയാണ് സൈറൺ വിഷയത്തിൽ കൗൺസിൽ അംഗങ്ങൾ ജില്ലാകളക്ടറുടെ നടപടിക്കെതിരെ പ്രതിഷേധിച്ചത്. കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗമെന്നായിരുന്നു മേയർ മുസ്ലീഹ് മഠത്തിൽ പറഞ്ഞത്. കോർപറേഷൻ മുഴക്കുന്ന സൈറണാണ് ദുരന്തം എന്ന് പറഞ്ഞ കളക്ടർ ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു മുൻ മേയർ അഡ്വ. ടി.ഒമോഹനന്റെ ആക്ഷേപം.
കളക്ടറുടെ ധിക്കാരപരമായ തീരുമാനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്ന് ഡെപ്യൂട്ടി മേയർ അഡ്വ.പി .ഇന്ദിര ആവശ്യപ്പെട്ടു.തെരുവ് നായ്ക്കളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടാത്ത കളക്ടർ സൈറൺ നിർത്തലാക്കാൻ ആവശ്യപ്പെടുന്നതിലായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ സുരേഷ് ബാബു എളയാവൂരിന്റെ പരിഹാസം. ഭരണഘടന സ്ഥാപനമായ കോർപറേഷന്റെ പ്രവൃത്തികളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടർ ഇങ്ങനെ അല്ല സമീപിക്കേണ്ടതെന്ന് പറഞ്ഞ പ്രതിപക്ഷ കൗൺസിലർ ടി.രവീന്ദ്രൻ ഇത്തരത്തിലുള്ള ഭീഷണി വിലപോകില്ലെന്നും വ്യക്തമാക്കി.ഒന്നരവർഷമായി ശനിദശയിലൂടെ പോകുന്ന ജില്ലാകളക്ടറുടെ ധിക്കാരപരമായ നടപടിക്കെതിരെ കോർപറേഷൻ ഏകകണ്ഠമായി പ്രതിഷേധിക്കണമെന്ന അഭിപ്രായവുമായി ബി.ജെ.പിയുടെ ഏകകൗൺസിലറായ വി.കെ.ഷൈജുവും മറ്റുള്ളവരുടെ അഭിപ്രായത്തിൽ പങ്കുചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |