ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപതിൽ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥിയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാർത്ഥിയും ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ. ആദിത്ത് (17) ആണ് ആനയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ആദിത്തിന് നേരെ ചിന്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു കാട്ടാന. സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് ആദിത്ത് ജീവൻ രക്ഷിച്ചെടുത്തത്.രാവിലെ ഐ.ടി.ഐയിലേക്ക് പോകുന്ന വഴിയാണ് കുട്ടി ആനയുടെ മുൻപിൽ പെട്ടത്. സമീപത്ത് വീട് ഉണ്ടായിരുന്നതാണ് താൻ രക്ഷപ്പെട്ടതെന്ന് ആദിത്ത് പറഞ്ഞു.
ആന പോയെന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ഐ.ടി ഐ യി ലേക്ക് ആദിത്ത് പോയത്.
ഇന്നലെ രാവിലെ പൂക്കുണ്ട് മേഖലയിൽ കണ്ട കാട്ടാനയാണ് ആദിത്തിനെ ഓടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ആന വനത്തിലേക്ക് കയറി പോകാതെ ജനവാസ മേഖലയിലേക്ക് വന്നുവെന്നും ഇവർ പറയുന്നു.
അടുത്തുണ്ടായാലും ആളറിയില്ല
തെരുവക്കാട് താവളമാക്കി ആനകൾ
പുനരധിവാസമേഖലയിൽ ഉയരത്തിൽ വളർന്നുനിൽക്കുന്ന തെരുവക്കാട് ആനകൾ താവളമാക്കിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.ആന നിൽക്കുന്നത് അടുത്തെത്തിയാൽ പോലും തിരിച്ചറിയാൻ കഴിയില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. ആറുമാസം മുൻപ് ബ്ലോക്ക് പതിമൂന്നിലെ വെള്ളി-ലീല ദമ്പതികൾ കൊല്ലപ്പെട്ടപ്പോൾ അടിക്കാടുകൾ വെട്ടിത്തിളിക്കാൻ തീരുമാനിച്ചതായിരുന്നു.എന്നാൽ പണം ഇല്ലെന്ന കാരണത്താൽ അടിക്കാടുകൾ ഇപ്പോൾ പ്രവൃത്തി നിലച്ചു. അന്ന് വെട്ടിത്തെളിച്ച ഭാഗമുൾപ്പെടെ വീണ്ടും കാടുകയറി മൂടിയിരിക്കുകയാണ്. വനത്തിലേക്ക് തുരത്തുന്ന ആനകൾ അന്നു തന്നെ ജനവാസമേഖലയിലേക്ക് തിരിച്ചെത്തുകയാണെന്നും നാട്ടുകാർ പറയുന്നു. താൽകാലിക സോളാർ വേലി തകർത്താണ് ആനകൾ പുനരധിവാസമേഖലയിലേക്ക് കടക്കുന്നത്.
'എങ്ങനെ ഇതുവഴി നടക്കും"
ചീറിയടുത്ത കാട്ടാനയിൽ നിന്ന് താൻ രക്ഷപ്പെട്ടുവെന്ന് ആദിത്തിന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. തക്കസമയത്ത് തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ തോന്നിയത് കൊണ്ടുമാത്രമാണ് താൻ ബാക്കിയായതെന്നാണ് ഈ വിദ്യാർത്ഥി പറയുന്നത്. തന്നെ പോലുള്ള വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും പ്രായാധിക്യമുള്ളവരുമടക്കം നിരവധി പേർ യാത്ര ചെയ്യുന്ന വഴിയിലാണ് കാട്ടാന ഇറങ്ങി നിൽക്കുന്നതെന്നും ആദിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |