ഉദ്ഘാടകരായി കണ്ണൂർ ബിഷപ്പ് വടക്കുന്തലയും കഥാകൃത്ത് ടി.പത്മനാഭനും മുന്നിൽ നിന്ന് നയിച്ച് ചെന്നിത്തല
കണ്ണൂർ : പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരിവിരുദ്ധ സമൂഹ നടത്തത്തിന് കണ്ണൂരിലും ആവേശപ്രതികരണം. വാക്ക് എഗയിൻസ്റ്റ് ഡ്രഗ്ഗ് എന്ന പേരിലുള്ള പരിപാടിയിൽ നൂറുക്കണക്കിന് ആളുകളാണ് അണിനിരന്നത്.രാവിലെ 6.15 ന് കണ്ണൂർ വിളക്കുംതറ പ്രഭാത് ജംഗ്ഷന് സമീപത്തു നിന്നും ആരംഭിച്ച് കളക്ടറേറ്റ് ഗാന്ധിപാർക്കുവരെയായിരുന്നു സമൂഹനടത്തം.
കലാസാംസ്‌കാരിക പ്രമുഖർ, പൊതുപ്രവർത്തകർ വിദ്യാർത്ഥികൾ, വനിതകൾ തുടങ്ങി നാനാതുറയിലുള്ളവർ നടത്തത്തിൽ പങ്കാളികളായി. തുടർന്ന് ഗാന്ധി പാർക്കിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കണ്ണൂർ ബിഷപ് അലക്‌സ് വടക്കുംതല വാക്കത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം കഥാകൃത്ത് ടി. പത്മനാഭനാണ് ഉദ്ഘാടനം ചെയ്തത്. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒമ്പതാമത്തെ വാക്കത്തോണാണ് ഇന്നലെ നടന്നത്.
കോഴിക്കോട് നിന്ന് ആരംഭിച്ച വാക്കത്തോൺ തിരുവനന്തപുരം കൊല്ലം, ആലപ്പുഴ പത്തനംതിട്ട, കാസർകോട് മലപ്പുറം തൃശൂർ എന്നീ ജില്ലകൾ പിന്നിട്ട ശേഷമാണ് കണ്ണൂരെത്തിയത്. സ്വാമി അമൃത കൃപാനന്ദ പുരി, നൗഷാദ് സക്കാഫി മടക്കര, പത്മശ്രീ എസ്.ആർ.ഡി പ്രസാദ്, മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി, സജീവ് ജോസഫ് എം.എൽ.എ, മേയർ മുസ്ലിഹ് മഠത്തിൽ, പി.വി.മനേഷ്, ടി.കെ.രമേശ് കുമാർ, സി സി ഷക്കീർ, ടി.പി.റസീന, മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ധനേഷ്, സോണി സെബാസ്റ്റ്യൻ, പി.എം.നിയാസ്, വി.എ.നാരായണൻ, പി.ടി.മാത്യു എന്നിവർ പങ്കെടുത്തു.
ലഹരി വിപത്തിനെതിരെയാണ് പോരാട്ടമെങ്കിൽ എലപ്പുള്ളി ബ്രൂവറിയിൽ നിന്ന് സർക്കാർ പിന്മാറണം. മറ്റുസംസ്ഥാനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താൻ സർക്കാർ അനുമതി നൽകിയത്.ബ്രൂവറി സ്ഥാപിച്ചാൽ മറ്റ് ആവശ്യങ്ങൾക്കായി വെള്ളം കിട്ടാതെ വരും. മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാൻ വെള്ളം കിട്ടില്ല.കള്ള് ഉൾപ്പെടെ എല്ലാം ലഹരിയാണ്- കഥാകൃത്ത് ടി. പത്മനാഭൻ
ലഹരിക്കെതിരെ ഇത് ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണ്. ലഹരിയുടെ അവസാന വേരും പിഴുതുമാറ്റും വരെ ഈ സമരം അവസാനിക്കുന്നില്ല.ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണം.സർക്കാർ ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന സമീപനം ലഹരി തടയാൻ പ്രാപ്തമല്ല-രമേശ് ചെന്നിത്തല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |