കണ്ണൂർ: ജില്ലയിൽ 67 സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തൽ. തദ്ദേശസ്വയംഭരണവകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സംബന്ധിച്ച വിവരമുള്ളത്.
ജില്ലയിൽ 46 സർക്കാർ സ്കൂൾ കെട്ടിടങ്ങളും 21 എയിഡഡ് സ്കൂളുകളുമാണ് പട്ടികയിലുള്ളത്. ജില്ലയിലെ പല സ്കൂളുകളും ഹൈടെക് ആയി ഉയർത്തപ്പെടുമ്പോഴാണ് പരാധീനതയുടെ ഈ കണക്കും പുറത്തുവന്നിരിക്കുന്നത്.
പലകെട്ടിടങ്ങൾക്കും നൂറിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയെല്ലാം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ടിലുണ്ട്. കണ്ണൂർ , തലശ്ശേരി, തളിപ്പറമ്പ് . വിദ്യാഭ്യാസ ജില്ലകളിലാണ് കൂടുതലും ഇത്തരം കെട്ടിടങ്ങളുള്ളത്. ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കരുതെന്നും ഉടൻ പൊളിച്ചു നീക്കണമെന്നും റിപ്പോർട്ടിലുണ്ട്.
പൊളിച്ചുമാറ്റണമെന്ന് ഉത്തരവ്
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഫിറ്റ്‌നസ് ലഭിക്കാതെ വിദ്യാലയങ്ങൾ പ്രവർത്തികരുതെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. എന്നാൽ പലയിടങ്ങളിലും ഇത് കടലാസിൽ മാത്രം ഒതുങ്ങുകയാണ്. സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ള 1157 സ്കൂളുകൾ ഉടനടി പൊളിച്ചുമാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ ഉടമസ്ഥതയിലുള്ള 887 കെട്ടിടങ്ങളും എയ്ഡഡ് മേഖലയിലെ 254 ഉം അൺഎയ്ഡഡ് മേഖലയിലെ 16 കെട്ടിടങ്ങളുമുണ്ട്. കൊല്ലം തേവലക്കര ഗവ. ബോയ്‌സ് സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിനെത്തുടർന്ന് തദ്ദേശ വകുപ്പ് നടത്തിയ പരിശോധനയിലാണ് അപകടാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ കണ്ടെത്തിയത്.
ക്ളാസുകൾ നടക്കുന്നില്ല,പക്ഷെ..
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ക്ളാസുകൾ നടക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുമ്പോഴും കുട്ടികൾ നിരന്തരം ഇടപഴകുന്ന സ്ഥലത്താണ് ഇവയുള്ളത്. വിശ്രമ സമയങ്ങളിലും മറ്റും കുട്ടികൾ ഇവിടെ എത്താറുണ്ട്. ഇഴജന്തുക്കളുൾപ്പെടെ ഇവിടെ താവളമാക്കുന്നതും ഗൗരവതരമാണ് .
പൊളിച്ചുമാറ്റുന്നതിന് നൂലാമാലകളേറെ
പൊളിച്ചു നീക്കുന്നതിലും നൂലാമാലകൾ ഏറെയാണ്. സ്കൂൾ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നതാണ് ആദ്യപടി. പിന്നീട് എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കണം. ഇത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്രിക്ക് സമർപ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി കൗൺസിലിലേക്ക് ശുപാർശ ചെയ്യും. ഇതിന് ശേഷം ടെക്നിക്കൽ അനുമതിയും ലഭിക്കണം. ഇതിനു ശേഷവും കടമ്പകളുണ്ട്. എല്ലാം പൂർത്തിയാകുമ്പോഴേക്കും നാളുകളേറെ പിടിക്കുമെന്നതാണ് പ്രധാന തടസം.
സംസ്ഥാനത്താകെ സ്കൂൾ കെട്ടിടങ്ങൾ പരിശോധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കണ്ണൂരിലെ പ്രശ്നവും പരിഗണനയിലുണ്ട്. കൃത്യമായ നടപടി വിഷയത്തിൽ സ്വീകരിക്കും - പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |