കണ്ണൂർ: പയ്യാമ്പലം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഗ്രേഡ് വൺ പി.എസ്.സി പരീക്ഷയിൽ ഉദ്യോഗാർത്ഥി ഹൈടെക് സംവിധാനത്തോടെ കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി പെരളശ്ശേരി മുണ്ടല്ലൂർ സുരൂർ നിവാസിലെ സഹദിനെയും സഹായി സബീലിനെയും അന്വേഷണസംഘം ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.ചോദ്യം ചെയ്യലിൽ വൈരുദ്ധ്യങ്ങളുണ്ടായതാണ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ കാരണമെന്നാണ് പൊലീസ് കോടതിയിൽ ബോധിപ്പിച്ചത്.
രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രണ്ടാം പ്രതിയായ സബീൽ പിടിയിലായത് കോപ്പിയടി നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ്. ഇയാളുടെ മൊഴിയുമായി ഒന്നാംപ്രതിയുടെ മൊഴി ഒത്തുപോകാത്തതാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചതിന് പിന്നിൽ.കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ഇനിയും സഹായികൾ?
ഹൈടെക് സംവിധാനത്തിലൂടെയുള്ള കോപ്പിയടിക്ക് പിന്നിൽ കൂടുതൽ പേർ പ്രവർത്തിച്ചിട്ടുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതിനു വേണ്ടി ഉപയോഗിച്ച ഉപകരണങ്ങൾ എവിടെ നിന്ന് സംഘടിപ്പിച്ചുവെന്ന വിവരവും പൊലീസ് തേടുന്നുണ്ട്. മറ്റാരെങ്കിലും ഇവരെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതിനായി പ്രതികളുടെ ഫോൺകോളുകളും പരിശോധിക്കും. സാങ്കേതിക വിദ്യ ഉപയോഗിച്ച് കോപ്പിയടി നടത്താനുള്ള ആശയം എവിടെ നിന്ന് ലഭിച്ചുവെന്നാണ് പൊലീസിനുണ്ടായ മറ്റൊരു സംശയം. ഇതുസംബന്ധിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചതായും വിവരമുണ്ട്. സഹദിൽ നിന്നും പിടിച്ചെടുത്ത മൊബൈൽഫോൺ, ഇയർപീസ്, ക്യാമറ എന്നിവ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ കൃത്യമായ റിപ്പോർട്ട് പുറത്ത് വരുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരും.
ചോദ്യം ചെയ്യൽ നടക്കുകയാണ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. ചോദ്യം ചെയ്യൽ പൂർത്തിയായാലെ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയു -അന്വേഷണ സംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |