കണ്ണൂർ: മാടായി കോളേജ് നിയമന വിവാദം മുതൽ യൂത്ത് കോൺഗ്രസിലെ തമ്മിലടി വരെ തുടരുന്ന പ്രശ്നങ്ങൾക്കൊപ്പം പുനസംഘടനയിലെ അമർഷം കൂടിയായതോടെ കണ്ണൂർ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം.മുതിർന്ന കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് പുനഃസംഘടന പ്രതിസന്ധി കൂടി കടന്നുവന്നത്.
കെ.പി.സി.സിയുടെ പുതിയ ജംബോ കമ്മിറ്റിയിൽ 13 ഉപാദ്ധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി പ്രഖ്യാപിച്ച ലിസ്റ്റിൽ കണ്ണൂരിൽ നിന്ന് ട്രഷറർ ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് ഉൾപ്പെട്ടത്. പ്രഥമ പരിഗണനയിലുണ്ടായിരുന്ന അഡ്വ.ടി.ഒ.മോഹനൻ, സജീവ് മാറോളി, ഷമ മുഹമ്മദ് എന്നിവരെ തഴഞ്ഞതായുള്ള ആരോപണം ജില്ലയിൽ ശക്തമാണ്.
പിണറായി സ്വദേശി വി.എ. നാരായണനെ പുതിയ ട്രഷററായി നിയമിച്ചപ്പോൾസോണി സെബാസ്റ്റ്യനും ചന്ദ്രൻ തില്ലങ്കേരിയുമാണ് ജില്ലയിൽ നിന്നുള്ള പുതിയ ജനറൽ സെക്രട്ടറിമാർ. കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പുതിയ പട്ടികയിൽ ഇടം നേടിയിരിക്കുന്നതെന്നാണ് പ്രധാന വിമർശനം.
സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന ഏക കോർപറേഷനിൽ മൂന്ന് വർഷത്തോളം മേയറായി മികച്ച പ്രകടനം കാഴ്ചവച്ച അഡ്വ.ടി.ഒ.മോഹനനെ പുറത്താക്കിയത് പാർട്ടിയുടെ മനോവീര്യത്തിന് തിരിച്ചടിയാകുമെന്നാണ് ചില പ്രവർത്തകരുടെ വിലയിരുത്തൽ. ഏറ്റവും നല്ല മേയർക്കുള്ള അവാർഡ് ഉൾപ്പെടെ നേടിയ മോഹനൻ കെ.എസ്.യു,യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ പദവികൾ വഹിച്ച പ്രമുഖനാണ്. 2013 മുതൽ കെ.പി.സിസി അംഗം കൂടിയായിരുന്ന മോഹനനെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്.കെ.സി വേണുഗോപാൽ വിഭാഗത്തിന്റെ ഇടപെടൽ പുതിയ പട്ടികയിൽ നിഴലിക്കുന്നുണ്ടെന്നതും മറ്റ് ഗ്രൂപ്പുകളിൽ പെട്ടവരുടെ അമർഷത്തിന് പിന്നിലുണ്ട്.പട്ടികയിൽ നിന്ന് പുറത്തായ നേതാക്കൾ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും അതൃപ്തി പ്രകടമാണ്. വരും ദിവസങ്ങളിൽ ഈ അസ്വസ്ഥതകളുടെ അലയൊലികൾശക്തമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |