കണ്ണൂർ: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായതോടെ അനുയോജ്യരായ സ്ഥാനാർത്ഥികൾക്കായി മുന്നണികൾ തയ്യാറെടുപ്പിലേക്ക്. സംവരണ വാർഡുകൾ വ്യക്തമായതോടെ മുന്നണികൾ തമ്മിലുള്ള വാർഡ് വീതംവെപ്പ് അടക്കമുള്ള ചർച്ചകളിലേക്ക് ഉടൻ കടക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ രണ്ടാം വാരത്തിൽ വരാനിരിക്കെ യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തിരച്ചിലിലേക്ക് മുന്നണികൾ കടന്നുകഴിഞ്ഞു. വാർഡ് തലം മുതൽ 50 ശതമാനം വനിതാ സംവരണം നിലവിലുള്ളതിനാൽ വിജയസാദ്ധ്യതയുള്ള സ്ത്രീ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലാണ് പാർട്ടികളുടെ പ്രധാന ശ്രദ്ധ.
ജില്ലയിൽ ഇതിനകം സി പി.എം സ്ഥാനാർത്ഥി നിർണയ ആലോചനയിലേക്ക് കടന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ പാർട്ടി കമ്മിറ്റികൾ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും ധാരണയുണ്ടായാലും മത്സരത്തിന് സന്നദ്ധരായ വനിതകളെ കണ്ടെത്തുകയെന്നതാണ് വലിയ വെല്ലുവിളി. വാർഡ് കമ്മിറ്റികൾ മുന്നോട്ടുവെക്കുന്ന പേരുകൾ ഏരിയതലത്തിൽ ചർച്ച ചെയ്ത് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം നേടുകയാണ് പതിവ് നടപടിക്രമം.
സ്ഥാനാർത്ഥിയാകാനും മത്സരിക്കണം
അൻപത് ശതമാനം വനിതാസംവരണമായതിനാൽ സീറ്റുറപ്പിക്കാനുള്ള മത്സരത്തിലാണ് പല വനിതാനേതാക്കളും. അദ്ധ്യക്ഷപദവിയിലടക്കം പരിഗണിക്കപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് വനിതാ നേതാക്കളുടെ ഒരുക്കം. സ്വന്തം ഡിവിഷനുകൾ ജനറൽ വിഭാഗത്തിലായതിന്റെ പേരിൽ സാദ്ധ്യത കുറയുമോയെന്ന ആശങ്കയുമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥിയാകാൻ പിടിവലിക്കുള്ള സാദ്ധ്യത കൂടി തെളിഞ്ഞിട്ടുണ്ട്.അണികളിലൂടെ തങ്ങളുടെ മികവ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി സീറ്റ് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളും വനിതാ നേതാക്കളിൽ ചിലർ തുടങ്ങിയിട്ടുണ്ട്. സീറ്റ് ലഭിക്കാത്തവർ റിബലുകളായി വരുന്ന പതിവ് ഇക്കുറിയും കുറയാനിടയില്ല.
അവരുടെ സ്വന്തം 'സ്വതന്ത്രരും"
സജീവമായ റസിഡന്റ്സ് അസോസിയേഷനുകൾ സ്ഥാനാർഥികളെ ഇറക്കുമോയെന്ന് മുന്നണികൾ ആശങ്കപ്പെടുന്നുണ്ട്. ഇത്തരം സ്വതന്ത്ര സ്ഥാനാർഥികൾ മുന്നണികൾക്ക് ഗുരുതര ഭീഷണിയാണ്. കണ്ണൂർ കോർപ്പറേഷനിൽ ഏകദേശം നാല്പതോളം ഡിവിഷനുകളിൽ സ്വതന്ത്രരെ രംഗത്തെത്തിക്കാൻ വിവിധ പാർട്ടികളിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |