ഇരിട്ടി: കേരള കർണാടക അതിർത്തി ഗ്രാമമായ പേരട്ട നാല് ദിവസമായി കാട്ടാന ഭീതിയിൽ.ഇന്നലെ പുലർച്ചെ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞുകൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിച്ച കാട്ടാന വീട് മുറ്റം വരെ എത്തി.
പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. ഇതിൽ ഒരു കൊമ്പനാണ് വീടുകളുടെ മുറ്റത്ത് എത്തിയത്. സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്താണ് കാട്ടാനകൾ ഇറങ്ങിയത്.കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നാണ് കാട്ടാനകൾ ഇറങ്ങി മേഖലയിൽ ഭീതി വിതയ്ക്കുന്നത്.
കഴിഞ്ഞദിവസം കൂട്ടുപുഴ പാലത്തിൽ എത്തിയ കൊമ്പൻ തന്നെയാണ് ഇന്നലെ പുലർച്ചെ ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം എത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
അക്രമകാരിയായ ഒറ്റക്കൊമ്പനും
കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക വനം വകുപ്പും പറയുന്നത്. ഇതിൽ അക്രമകാരിയായ ഒറ്റക്കൊമ്പനും ഉൾപ്പെടുന്നു. സോളാർ തൂക്കുവേലി സ്ഥാപിക്കാത്ത കർണാടക അതിർത്തിയോട് ചേർന്നുള്ള 400 മീറ്റർ ഭാഗം വഴിയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കേരളത്തിന്റെ കൃഷിഭൂമിയിൽ കാട്ടാനകൾ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |