
പയ്യന്നൂർ : കുഞ്ഞിമംഗലം 14-ാം വാർഡിൽ താമരംകുളങ്ങരയിലെ പൊരുണി വയലിലും കൈപ്പാട് പ്രദേശങ്ങളിലും കണ്ടലുകൾ നശിപ്പിച്ച് നികത്തിയ നിലം പഴയപടിയാക്കി തുടങ്ങി. പരിസ്ഥിതിപ്രവർത്തകരുടേയും നാട്ടുകാരുടെയും പരാതിയിൽ ഹൈക്കോടതി നടത്തിയ ഇടപെടലാണ് കണ്ടൽവനത്തിന്റെ പുനസ്ഥാപനത്തിന് വഴിയൊരുക്കിയത്.
കണ്ടൽക്കാടുകളടങ്ങിയ തണ്ണീർത്തടം പ്ലാസ്റ്റിക്കും കെട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ചായിരുന്നു സ്വകാര്യവ്യക്തികൾ നികത്തിയത്. ഇന്നലെ മുതൽ ഈ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഹൈക്കോടതി വിധി വന്ന ഒക്ടോബർ 13 മുതൽ മൂന്ന് മാസത്തിനുള്ളിൽ തണ്ണീർതടം നികത്താനുപയോഗിച്ച മണ്ണ് മുഴുവനായി നീക്കി ഒരു കണ്ടൽചെടിക്ക് പകരം മൂന്നെണ്ണമെങ്കിലും നട്ടുപിടിപ്പിക്കണമെന്നാണ് ഹൈക്കോടതി വിധി. ഭാവിയിൽ കണ്ടലുകളുടെ നാശം തടയുന്നതിന് സ്ഥിരം നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ , ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്. അഡ്വ.മഹേഷ് വി.രാമകൃഷ്ണൻ മുഖേന പരിസ്ഥിതി പ്രവർത്തകനായ പി.പി.രാജനാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചത്.
ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനായി നവംബർ 1ന് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , വനം വകുപ്പ് ഉദ്യോഗസ്ഥർ , തഹസീൽദാർ ,വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ , വിവിധ വകുപ്പ് ജീവനക്കാർ , പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് കെട്ടിടാവശിഷ്ടം നീക്കി കണ്ടലുകൾ നട്ടുപിടിപ്പിക്കാൻ തീരുമാനമെടുത്തത്.
വനം വകുപ്പ് ഉദ്യോഗസ്ഥനായ കെ.വി.ഷിജിൻ, വില്ലേജ് അസിസ്റ്റന്റ് ടി.പി.രവീന്ദ്രനാഥ് ,ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ
സതീശൻ പുളുക്കൂൽ , പി.വി.മനോജ്കുമാർ തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശത്തിലാണ് ഇന്നലെ പൊരുണിവയലിൽ നികത്താനുപയോഗിച്ച കെട്ടിടാവശിഷ്ടങ്ങളും മണ്ണും നീക്കിയത്. പരിസ്ഥിതി പ്രവർത്തകരായ പി.പി.രാജൻ ,
പി.എം.ബാലകൃഷ്ണൻ, വി.വി.സുരേഷ്, കെ.വി.നവീൻകുമാർ , നെട്ടൂർ നാരായണൻ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
നടപ്പാകുന്നത് സുപ്രധാനവിധി
കണ്ടലുകളുടെ നാടായ കുഞ്ഞിമംഗലത്തെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഏറെ സഹായകരമായ ഉത്തരവാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. "ഒരിക്കൽ ആവാസ വ്യവസ്ഥക്ക് കേടുപാടുകൾ സംഭവിച്ചാൽ , അതിന്റെ സ്വാഭാവിക സമഗ്രതയും പാരിസ്ഥിതിക പ്രവർത്തനങ്ങളും എളുപ്പത്തിൽ പുനർ നിർമ്മിക്കുവാനോ , തിരികെ കൊണ്ട് വരുവാനോ കഴിയില്ലെന്നായിരുന്നു കണ്ടലുകൾ പുനസ്ഥാപിക്കണമെന്ന വിധിയ്ക്ക് മുന്നോടിയായി കോടതി അഭി്പ്രായപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |