
കണ്ണൂർ: വനിതകൾക്കായി സംവരണം ചെയ്യപ്പെട്ട കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പ്രതീക്ഷാപൂർവം പ്രമുഖരെ അവതരിപ്പിക്കാൻ പാർട്ടികൾ. മുൻ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, മുൻ മന്ത്രി എൻ.രാമകൃഷ്ണന്റെ മകളും കെ.പി.സി.സി അംഗവുമായ അമൃത രാമകൃഷ്ണൻ,മഹിളാ കോൺഗ്രസ് മുൻ പ്രസിഡന്റ് ശ്രീജ മഠത്തിൽ എന്നിവരാണ് കോൺഗ്രസിന്റെ പരിഗണനാലിസ്റ്റിലുള്ളത്.മുന്നണിയിൽ കോൺഗ്രസുമായി മേയർ സ്ഥാനം പങ്കിടാറുള്ള മുസ്ലിം ലീഗ് മുൻ നഗരസഭ അദ്ധ്യക്ഷ റോഷ്ണി ഖാലിദ്, പി.ഷമീമ, കെ.സാബിറ എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ പറഞ്ഞുകേൾക്കുന്നുണ്ട്.
ഒരു തവണ ഭരണം പിടിച്ച സി.പി.എം ലിസ്റ്റിലും പ്രമുഖ വനിതകൾ ഉണ്ടാകും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എൻ.സുകന്യയ്ക്കാണ് ഇതിൽ മുൻതൂക്കം. മുൻ ചേലോറ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രകാശിനി,നിലവിൽ താളിക്കാവ് കൗൺസിലറായ ചിത്തിര ശശിധരൻ എന്നിവരാണ് പട്ടികയിലെ പ്രമുഖർ.വനിത കമ്മീഷൻ അഭിഭാഷക കൂടിയാണ് ചിത്തിര.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോർറേഷനിൽ ഒരു അക്കൗണ്ട് തുറന്ന ബി.ജെ.പി അർച്ചന വണ്ടിച്ചാലിനെ സ്ഥാനാർത്ഥിയാക്കിയേക്കും.കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കൾച്ചറൽ ഫോറം നിലവിലെ കൗൺസിലർ കെ.പി.അനിതയെ മത്സരരംഗത്തിറക്കുമെന്ന് വിവരമുണ്ട്. കോൺഗ്രസിൽ നിന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
പത്ത് വർഷം; മൂന്ന് വനിതാ മേയർമാർ
പത്ത് വർഷത്തിനിടയിൽ ആകെയുള്ള അഞ്ച് മേയർമാരിൽ മൂന്നുപേരും വനിതകളാണെന്നത് കണ്ണൂർ കോർപ്പറേഷനെ വ്യത്യസ്തമാക്കുന്നു. കോർപറേഷൻ രൂപീകരണത്തിന് ശേഷം ആദ്യം മേയറായത് സി.പി.എമ്മിലെ ഇ.പി.ലതയാണ്. അവിശ്വാസപ്രമേയം വഴി യു.ഡി.എഫ് അധികാരം പിടിച്ചപ്പോൾ ഇതെ കൗൺസിലിൽ കോൺഗ്രസിലെ സുമ ബാലകൃഷ്ണനും ലീഗിലെ സി സീനത്തും മേയർമാരായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച യു.ഡി.എഫ് ആദ്യ മൂന്നുവർഷം കോൺഗ്രസിലെ ടി.ഒ.മോഹനനെയും പിന്നീട് മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലിനെയും മേയറായി അവരോധിച്ചു. ഡെപ്യൂട്ടി മേയർമാരായി ആദ്യം ലീഗിലെ കെ.ഷബീലയും പിന്നീട് കോൺഗ്രസിലെ പി. ഇന്ദിരയും സ്ഥാനമേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |