കണ്ണൂർ : തലശ്ശേരി ഗവ.ചിൽഡ്രൻസ് ഹോമിൽ നിന്നും എത്തിയ ശ്രീകൃഷ്ണൻ, ജേഷ്ഠൻ പരമേശ്വരൻ,കൂട്ടുകാരായ ആദിഷ് , ആദിൽ അലി എന്നിവർക്ക് കലോത്സവ വേദി അതിജീവനത്തിന്റെ കൂടി വേദിയാണ്. ജീവിതത്തിൽ ചേർത്തു പിടിക്കാനും അഭിനന്ദിക്കാനും അധികമാരുമില്ലാത്ത തങ്ങളെ എല്ലാവരും പരിഗണിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവർ.
ഇന്നലെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, നാടോടി നൃത്തം എന്നീ മത്സരങ്ങളിലാണ് ശ്രീകൃഷ്ണനും ആദിഷും പങ്കെടുത്തത്. മറ്റുള്ളവർ വലിയ തുക മുടക്കി വേദിയിൽ എത്തുമ്പോൾ ഇവർ ഇരുവരും പരിശീലകനായ ഷനൂബ് വാഴക്കാലിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ബലത്തിലാണ് കലോത്സവ വേദിയിലെത്തിയത്. ഒന്നരവർഷമായി ഷനൂബ് ഇവരെ സൗജന്യമായാണ് നൃത്തം പരിശീലിപ്പിക്കുന്നത്.മേക്കപ്പ്,ഓർണമെൻസ് തുടങ്ങി എല്ലാം ഷനൂബ് തന്നെയാണ് റെഡിയാക്കിയത്. .അവധി ദിവസങ്ങളിലാണ് ഷനൂബ് പരിശീലനം.
ഭരതനാട്യത്തിലും നാടോടി നൃത്തത്തിനുമാണ് ശ്രീകൃഷ്ണൻ പങ്കെടുത്തത്.ആദിഷ് നാടോടി നൃത്തത്തിനും.നൃത്തം കഴിഞ്ഞ് തങ്ങളെ എല്ലാവരും അഭിനന്ദിക്കാൻ എത്തിയപ്പോൾ വലിയ സന്തോഷത്തിലായിരുന്നു ഇരുവരും. കഴിഞ്ഞവർഷം മോണോ ആക്ടിൽ സംസ്ഥാനത്ത് മത്സരിച്ചിട്ടുണ്ട് ശ്രീകൃഷ്ണൻ .ഈ വർഷം ജേഷ്ഠൻ പരമേശ്വരൻ മോണോ ആക്ടിൽ മത്സരിക്കുന്നുണ്ട്.മോണോ ആക്ട് പരിശീലിപ്പിക്കുന്ന സവ്യ സജിയും സൗജന്യമായാണ് ഇവരെ പരിശീലിപ്പിക്കുന്നത്.ഒപ്പമുള്ള ആദിൽ അലി ഉറുദു കഥാരചനയിലും മത്സരിച്ചു.കുട്ടികൾക്ക് പിന്തുണ നൽകാൻ ചിൽഡ്രൺസ് ഹോം സൂപ്രണ്ട് അഷ്റഫും ഒപ്പമെത്തിയിരുന്നു. തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിലവിൽ 28 കുട്ടികളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |