
കണ്ണൂർ: ജില്ലയിൽ എൽ.ഡി.എഫ് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാട്യം ഡിവിഷനിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നു. കരുത്തുറ്റ പ്രചാരണവുമായി മൂന്നു മുന്നണികളും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ് ഇവിടെ.
കോട്ടയം (മലബാർ) പഞ്ചായത്തിലെ എല്ലാ വാർഡുകളുംപാട്യം പഞ്ചായത്തിലെ പൂവത്തൂർ ഒഴികെയുള്ള 19 വാർഡുകളും വേങ്ങാട് പഞ്ചായത്തിലെ 16 വാർഡുകളും, മാങ്ങാട്ടിടം പഞ്ചായത്തിലെ 16ാം വാർഡായ ആമ്പിലാടും തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ പാറയുള്ള പറമ്പും ചേർന്നതാണ് പാട്യം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. പാട്യം, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകളിലെല്ലാം നിലവിൽ എൽ.ഡി.എഫ് ഭരണമാണ് .
മുൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.പിശോഭ 25,553 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ് നേതൃത്വം പറയുന്നു.
ഇവർ അങ്കത്തട്ടിൽ
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും പരിചയസമ്പന്നയുമായ ടി.ശബ്നയാണ് എൽ.ഡി. എഫ് സ്ഥാനാർത്ഥി. കോട്ടയം ഗ്രാമപഞ്ചായത്ത് അംഗവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സണും കോട്ടയം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശബ്ന നിലവിൽ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും പിണറായി ഏരിയാ പ്രസിഡന്റുമാണ്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള നിമിഷ മോഹൻദാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, മഹിള കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം സോഷ്യൽ മീഡിയ കോഓർഡിനേറ്റർ തുടങ്ങിയ ചുമതലകളിലുള്ള നിമിഷ നിലവിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ കോ ഓർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു. വികസന മുരടിപ്പ്, ധൂർത്ത്, അധികാര ദുർവിനിയോഗം, വിലക്കയറ്റം എന്നിവയാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണം. ബി.ജെ.പിയുടെ സ്ഥാനാർത്ഥി എ.പ്രബിഷ ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |