
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ എളയാവൂർ സോണലിൽ ഇത്തവണ അസാധാരണമായ മത്സരമാണ് രൂപപ്പെടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടിട്ടും എൽ.ഡി.എഫ് ഏറ്റവും കൂടുതൽ ഡിവിഷനുകൾ സ്വന്തമാക്കിയ സോണലാണ് എളയാവൂർ.ചെറിയ വോട്ട് വ്യത്യാസങ്ങളിൽ വിജയിച്ച പല സീറ്റുകളിലും ഇത്തവണ ഫലം മാറാനുള്ള സാദ്ധ്യതകൾ വർധിച്ചിട്ടുണ്ട്. മൂന്ന് മുന്നണികളും വിജയ പ്രത്യാശയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ തവണ ആറ് ഡിവിഷനുകൾ എൽ.ഡി.എഫ് സ്വന്തമാക്കിപ്പോൾ മൂന്നു ഡിവിഷനുകളിലായി യു.ഡി.എഫ് ഒതുങ്ങി. എന്നാൽ ഇത്തവണ രണ്ട് മുന്നണികളും കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ബി.ജെ.പി എല്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥികളെ നിർത്തി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.
എളയാവൂർ നോർത്ത്
ത്രികോണ മത്സരം നടക്കുന്ന എളയാവൂർ നോർത്ത് ഡിവിഷനിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിലാണ്. തിരിച്ചുപിടിക്കാൻ യു.ഡി.എഫ് കരുത്തുറ്റ പ്രചാരണം നടത്തുന്നു. എം.മാലതി (എൽ.ഡി.എഫ്), ബിസ്മില്ല ബീവി (യു.ഡി.എഫ്), പ്രിയ നമ്പ്യാർ (ബി.ജെ.പി) എന്നിവർ തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 252 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് വിജയം.
എളയാവൂർ സൗത്ത്
എൽ.ഡി.എഫ് കോട്ടയായ എളയാവൂർ സൗത്തിൽ കെ.കെ.വിജിനയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് വേണ്ടി ജയന്തിയും യു.ഡി.എഫിനായി ടി.സിതാരയും രംഗത്തുണ്ട്. കഴിഞ്ഞ തവണ 799 വോട്ടിന്റെ ഉറച്ച ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് വിജയം.
മുണ്ടയാട്
യു.ഡി.എഫ് 399 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച മുണ്ടയാട് ഡിവിഷനിൽ ഇത്തവണ ശ്രദ്ധേയമായ പോരാട്ടമാണ്.മേയർ സ്ഥാനാർത്ഥികളിലൊരാളായി പരിഗണിക്കപ്പെടുന്ന മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ആണ് ഇവരിൽ ഒരാൾ. അതെ സമയം നിലവിലെ കൗൺസിലറും സ്ഥിരംസമിതി അദ്ധ്യക്ഷയുമായ ഷാഹിന മൊയ്തീൻ പ്രചാരണ രംഗത്തില്ലാത്തത് ചർച്ചയായിട്ടുണ്ട്.സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് സ്വതന്ത്രയായി പി.ജിഷയെ രംഗത്തിറക്കിയിട്ടുണ്ട്. പി.രാഗിണി (ബി.ജെ.പി), ഷീജ സി.എച്ച് (പി.കെ.രാഗേഷ് വിഭാഗം), ശ്രീജ കരുവാത്ത് (സ്വതന്ത്ര) എന്നിവരും മത്സരത്തിലുണ്ട്.
എടച്ചൊവ്വ
എൽ.ഡി.എഫ് 384 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എടച്ചൊവ്വ ഡിവിഷനിൽ വെള്ളോറ രാജൻ (എൽ.ഡി.എഫ്), ടി.പ്രദീപ് (യു.ഡി.എഫ്), എൻ.സി പ്രിയ (ബി.ജെ.പി) എന്നിവരാണ് മത്സരിക്കുന്നത്.
അതിരകം
അതിരകം ഡിവിഷനിൽ വിഭജനത്തിലുണ്ടായ നേട്ടം മുതലാക്കി സീറ്റ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി തൈക്കണ്ടി മുരളീധരനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കെ.ടി.മുർഷിദ് (യു.ഡി.എഫ്), ജിതിൻ വിനോദ് (ബി.ജെ.പി), നഫ്സിൽ പി (സ്വതന്ത്രൻ) എന്നിവർ മറ്റ് സ്ഥാനാർത്ഥികളാണ്. കഴിഞ്ഞ തവണ 211 വോട്ടായിരുന്നു എൽ.ഡി.എഫ് ജയം.
കാപ്പിച്ചേരി
എൽ.ഡി.എഫ് കോട്ടയായ കാപ്പിച്ചേരി ഡിവിഷനിൽ ത്രികോണ മത്സരമാണ്. ഒ.വി നിജേഷ് (എൽ.ഡി.എഫ്), എം.നിഷിൽ (ബി.ജെ.പി), അഡ്വ.അശ്വിൻ സുധാകർ (യു.ഡി.എഫ്) എന്നിവർ മത്സരിക്കുന്നു. കഴിഞ്ഞ തവണ 993 വോട്ടിന്റെ ഉറപ്പുള്ള ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് വിജയം.
മേലെചൊവ്വ
കഴിഞ്ഞ തവണ വെറും 23 വോട്ടിന് യു.ഡി.എഫ് വിജയിച്ച മേലെചൊവ്വ ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്. സപ്ന ടീച്ചറാണ് മുന്നണിയുടെ സ്ഥാനാർത്ഥി., സപ്ന മാണിക്കോത്ത് (യു.ഡി.എഫ്), കെ.സി സുഷമ (ബി.ജെ.പി) എന്നിവരും രംഗത്തുണ്ട്. കടുത്ത മത്സരമാണ് ഈ ഡിവിഷനിൽ.
താഴെചൊവ്വ
433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച താഴെചൊവ്വ ഡിവിഷൻ നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ത്രികോണ മത്സരത്തിൽ ഇ.സുനിൽ (എൽ.ഡി.എഫ്), സോജത്ത് (യു.ഡി.എഫ്), സുനിത (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്ത്.
കിഴുത്തള്ളി
യു.ഡി.എഫ് സ്വാധീനകേന്ദ്രമായ കിഴുത്തള്ളി ഡിവിഷൻ നിലനിർത്താൻ കെ.പി.സീനയെയാണ് മുന്നണി രംഗത്തിറക്കിയിട്ടുള്ളത്. ശക്തമായ വെല്ലുവിളിയുമായി എൽ.ഡി.എഫിന്റെ ലീന രഞ്ചിത്ത്, ബി.ജെ.പിയുടെ സി.എച്ച്. ഷൈമ എന്നിവർ രംഗത്തുണ്ട്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |