
തലശേരി: തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുമ്പോൾ കതിരൂർ പഞ്ചായത്തിലെ പൊന്ന്യം സ്രാമ്പിയിൽ ഇടതുസ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി ഗൃഹ സന്ദർശനത്തിന്റെ തിരക്കിലാണ് 95കാരനായ കരുണൻ എന്ന കരുണാകരൻ. നാദാപുരം ഇരിങ്ങണ്ണൂരിൽ നിന്ന് വിവാഹശേഷം കതിരൂർ മൂന്നാംമൈലിലേക്ക് താമസം മാറിയ ഈ പഴയ ലോറി ക്ളീനർ 1957ൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സി.എച്ച് കണാരന് വേണ്ടി വോട്ടു പിടിച്ച് തുടങ്ങിയതാണ്.
ഓരോ തിരഞ്ഞെടുപ്പും 1957ലെ ആവേശത്തിന്റെ ഓർമ്മപ്പെടുത്തലാണ് കരുണാകരന്. സി.പി.എമ്മിന്റെ പൊന്ന്യം ലോക്കൽ കമ്മിറ്റി പരിധിയിലുള്ള പൊന്ന്യം സ്രാമ്പി കേന്ദ്രീകരിച്ചാണ് കരുണാകരന്റെ പ്രചാരണ പവർത്തനം.
31ാം വയസിൽ ലോറി ഡ്രൈവറായി ജോലി തുടങ്ങിയ കരുണാകരൻ ദീർഘകാലം വയനാട് ജില്ലയിലായിരുന്നു. ലോറി ഡ്രൈവറായിരിക്കെ ഡ്രൈവേഴ്സ് യൂണിയൻ വഴി എടുത്ത സി.ഐ.ടി.യു മെമ്പർഷിപ്പ് കാർഡ് പേഴ്സിൽ അഭിമാനപൂർവം കൊണ്ടുനടക്കുന്നുണ്ട് ഈ പഴയ തൊഴിലാളി. 1957ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു പൊതുയോഗത്തിനായി തെങ്ങിൽ കയറി മൈക്ക് കെട്ടിക്കൊടുത്ത ഓർമ്മയും അദ്ദേഹം പങ്കുവെയ്ക്കുന്നു. നാട്ടിലെ ചെറുപ്പക്കാരെക്കാൾ ഉശിരോടെയാണ് കരുണാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
കാലവും പ്രചാരണരീതിയും പാടെ മാറിയിട്ടും പഴയ ആവേശവും അർപ്പണബോധവും രാഷ്ട്രീയ വീര്യവുമാണ് ഈ വയോധികന്റെ രാഷ്ട്രീയമൂലധനം.
എ.വാസു, എ.കെ.ഷിജു, പൊന്ന്യം ചന്ദ്രൻ, സി.വത്സൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ, ടി.കെ.ഷാജി, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ടി.റെംല തുടങ്ങിയ എൽ.ഡി.എഫ്. നേതാക്കൾക്കൊപ്പമാണ് ഇദ്ദേഹം ഇന്നലെ പ്രചാരണത്തിനിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |