
കണ്ണൂർ ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷനിലെ ഇടത് ആധിപത്യം അവസാനിപ്പിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഇടതു ശക്തികേന്ദ്രമെന്ന നിലയിൽ അറിയപ്പെടുന്ന ഡിവിഷനിൽ അട്ടിമറി പ്രതീക്ഷിച്ചാണ് യു.ഡി.എഫിന്റെ പ്രവർത്തനവും.
കണ്ണൂർ ജില്ലയിൽ സി.പി.ഐ ഏറ്റവും വേരോട്ടമുള്ള പ്രദേശങ്ങളിലൊന്നായ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മുഴുവനായും ഇപ്പോൾ കോളയാട് ഡിവിഷനിലാണ്. മാലൂർ, മാങ്ങാട്ടിടം പഞ്ചായത്തുകളും ഇടതുകേന്ദ്രങ്ങളാണ്.
അതെസമയം കോളയാട് പഞ്ചായത്തിൽ ഇരുമുന്നണികളും തമ്മിൽ വോട്ടുവ്യത്യാസം നേരിയതാണ്. യു.ഡി.എഫ് പ്രതീക്ഷ വെക്കുന്നതും ഈ കണക്കിലാണ്. ഡിവിഷനിലെ എല്ലാ മേഖലകളിലും എൻ.ഡി.എയ്ക്കും അടിത്തറയുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ വി.ഗീത 21,065 വോട്ടുകളാണ് നേടിയത്.കോൺഗ്രസിലെ ജെയ്ഷ ബിജു ഓളാട്ടുപുറത്ത് 18,458 വോട്ടുകൾ നേടി. ബി.ജെ.പിയുടെ സ്മിത ചന്ദ്രബാബുവിന് 4,042 വോട്ടാണ് ലഭിച്ചത്.
കോളയാട്, പേരാവൂർ, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് കോളയാട് ഡിവിഷൻ. പേരാവൂർ, കൂത്തുപറമ്പ് ബ്ലോക്കുകളിലായി ആലച്ചേരി, കാഞ്ഞിലേരി, കണ്ടംകുന്ന്, മാനന്തേരി, കണ്ണവം തുടങ്ങിയ വോട്ടിംഗ് ഡിവിഷനുകളാണ് ഇതിൽ പെടുന്നത്.
നിലവിൽ പഞ്ചായത്തുകളും ബ്ലോക്ക് തലത്തിലും ഇടതുഭരണമാണ് നിലനിൽക്കുന്നത്. പേരാവൂർ ബ്ലോക്കിലെ കേളകം,കൊളക്കാട് പ്രദേശങ്ങൾക്ക് പകരം കൂത്തുപറമ്പ് ബ്ലോക്കിലെ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ഡിവിഷൻ പുനഃസംഘടിപ്പിച്ചത്.
അങ്കത്തട്ടിൽ ഇവർ
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിജ രാജീവനാണ് മത്സരിക്കുന്നത്. സി പി.ഐ മാനന്തേരി ലോക്കൽ കമ്മിറ്റി അംഗവും വനിതാസാഹിതി ജില്ല കമ്മിറ്റി അംഗവുമായ സിജ പ്രാദേശിക തലത്തിൽ അറിയപ്പെടുന്ന നേതാവാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആയുർവേദ ഡോക്ടറായ ആഷിത അനന്തനെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. പുതുമുഖത്തെ മത്സരത്തിനിറക്കി ഇടതുകോട്ടയെ ഇളക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.എൻ.ഡി.എ സ്ഥാനാർത്ഥിയായി കോളയാട് സ്വദേശിനി സ്മിത ചന്ദ്രബാബു രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവുമാണ് സ്മിത.പയ്യാവൂർ പൈസക്കരി സ്വദേശിനിയായ പൂപ്പള്ളിൽ ജൻസമ്മ വർഗീസ് ആം ആദ്മി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |