കാസർകോട്: യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ഉദുമ ഡിവിഷനിൽ ഉശിരൻ പോരാട്ടമാണ് നടക്കുന്നത്. അതിർത്തികളിൽ മാറ്റം വരുത്തി ബേക്കൽ പുതിയ ഡിവിഷൻ ഉണ്ടാക്കുകയും കുറച്ചു ഭാഗങ്ങൾ ചെങ്കള ഡിവിഷനൊപ്പം ചേർക്കുകയും വഴി ഉദുമയിൽ യു.ഡി.എഫ് കൂടുതൽ ശക്തമായെന്നാണ് മുന്നണിയുടെ അവകാശവാദം. എന്നാൽ ഇത്തവണ ഏതുവിധേനയും ഉദുമ പിടിച്ചെടുക്കുമെന്നാണ് എൽ.ഡി. എഫ് അവകാശപ്പെടുന്നത്.
യു.ഡി.എഫിൽ കോൺഗ്രസാണ് ഉദുമ ഡിവിഷനിൽ മത്സരിക്കുന്നത്. എൽ.ഡി.എഫാകട്ടെ ഐ.എൻ.എല്ലിനെ മുൻനിർത്തിയാണ് പോരാട്ടം. ജില്ലാ പഞ്ചായത്തിൽ മേൽവിലാസം ഉണ്ടാകണമെങ്കിൽ ഉദുമയിൽ ജയിക്കണമെന്നതാണ് ഐ.എൻ.എല്ലിന്റെ നില. ജില്ലാ പഞ്ചായത്തിൽ ഇത്തവണ ഇതടക്കം രണ്ട് ഡിവിഷനുകളിലാണ് ഐ.എൻ.എൽ മത്സരിക്കുന്നത്. ഇരുമുന്നണികൾക്കൊപ്പം ബി.ജെ.പിയും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ചന്ദ്രഗിരി പുഴയുടെ തെക്കുഭാഗത്ത് ബി.ജെ.പിക്ക് വോട്ട് വർദ്ധനയുള്ള ഡിവിഷൻ കൂടിയാണ് ഉദുമ. ഏറെക്കുറെ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നും ഉദുമയിലെ പതിനാലും വാർഡുകളും അടക്കം 32 വാർഡുകളാണ് ഡിവിഷനിലുള്ളത്.
ഇവർ അങ്കത്തട്ടിൽ
മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരി ശ്രീധരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. 2010-15 കാലഘട്ടത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിരുന്ന സുകുമാരി സഹകരണ സ്ഥാപനജീവനക്കാരിയാണ്. എൽ.ഡി.എഫ് ഗായികയായ ആയിഷത്ത് റഫയെ ആണ് മത്സരരംഗത്തിറക്കിയത്. ലാബ് ടെക്‌നീഷ്യൻ ജോലി ചെയ്യുന്ന റഫ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിക്കാരിയാണ്. ചെമ്മനാട് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ സൗമ്യ പത്മനാഭനാണ് ബി.ജെ.പി സ്ഥാനാർത്ഥി.ചെമ്മനാട് ഗ്രാമ പഞ്ചായത്തിലുള്ള രാഷ്ട്രീയത്തിന് അതീതമായ ബന്ധം പരമാവധി മുതലെടുക്കാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. എസ്.ഡി.പി ഐ സ്ഥാനാർത്ഥി നജുമ റഷീദും ഡിവിഷനിൽ ജനവിധി തേടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |