SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

രാമച്ചിയ്ക്ക് മേൽ പുലിഭീതി ഭയാശങ്കകളോടെ മലയോരം

Increase Font Size Decrease Font Size Print Page
ramchi

കേളകം: അടക്കാത്തോട് രാമച്ചി റോഡിലുള്ള പളളിവാതുക്കൽ സ്കറിയയുടെ തോട്ടത്തിൽ സുരക്ഷാ മുൻകരുതലിനായി സ്ഥാപിച്ച സി.സി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെ കേളകത്ത് ജനജീവിതം കടുത്ത ഭീഷണിയിൽ. റബ്ബർ മുഖ്യ ഉപജീവനമാർഗമായ കർഷർക്ക് ടാപ്പിംഗ് നടത്താൻ സാധിക്കാതെ കടുത്ത പ്രതിസന്ധിയാണ് ഈ മലയോരപ്രദേശം എത്തിനിൽക്കുന്നത്. ഗ്രാമപഞ്ചായത്ത് ഇടപെട്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

റബർ തോട്ടം പാട്ടത്തിനെടുത്ത കേളകം വെണ്ടേക്കുംചാലിലെ മഠത്തിൽ മനു, വിനു എന്നീ സഹോദരങ്ങൾ സ്ഥാപിച്ച സി സി ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. പതിവായി പുലർച്ചെ രണ്ടരക്കാണ് ഇവർ ടാപ്പിംഗിനായി രാമച്ചിയിൽ എത്താറുള്ളത്. പനിയായതിനാൽ ഇന്നലെ ടാപ്പിംഗ് നടത്താൻ എത്തിയിരുന്നില്ല.സി.സി ക്യാമറയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടതെന്ന് ഇരുവരും പറഞ്ഞു.

പ്രദേശത്ത് ഇതിനു മുമ്പും വളർത്തുമൃഗങ്ങളെ വന്യജീവി പിടിച്ചിട്ടുണ്ടെങ്കിലും പുലിയാണോ കടുവയാണോ എന്ന് സ്ഥിരീകരണമുണ്ടായിരുന്നില്ല. പുലിയും കടുവയും പ്രദേശമായതിനാലാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ നാലു മാസം മുൻപ് പതിനായിരം ചിലവിൽ തോട്ടത്തിൽ ഇവർ സോളാർ സി.സി ക്യാമറ സ്ഥാപിച്ചത്.ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞ വിവരം ലഭിച്ചതിനെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് തിരച്ചിൽ നടത്തി. റോഡിൽ പുലിയുടെ കാല്പാടുകൾ കണ്ടെത്തിയ സംഘം ക്യാമറയിൽ പതിഞ്ഞത് പുലിയുടെ ദൃശ്യമാണെന്ന് സ്ഥിരീകരിച്ചു.ഇതിന് പിന്നാലെയാണ് വനംവകുപ്പ് പ്രദേശത്ത് കാമറ സ്ഥാപിച്ചത്.

ടാപ്പിംഗ് മുടങ്ങി, ജീവിതമാർഗം അടഞ്ഞു

രാമച്ചി മേഖലയിൽ ആളുകളുടെ മുഖ്യ ഉപജീവന മാർഗം റബർ ടാപ്പിംഗാണ്. പുലർച്ചെയോടെയാണ് ഏറെപ്പേരും റബർ ടാപ്പിംഗ് നടത്തുന്നത്. പുലിയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയിലാണ് കർഷകരും തൊഴിലാളികളും . പ്രദേശത്ത് പുലിയും കടുവയുമുണ്ടെന്ന് പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി പുലിയെ പിടികൂടി കൂട് വെച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് ഇവരുടെ ആവശ്യം.

പുലിയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണം. 24 മണിക്കൂറും പട്രോളിംഗ് നടത്തി റബർ ടാപ്പിംഗ് നടത്തുന്ന കർഷകർക്ക് വനംവകുപ്പ് മതിയായ സംരക്ഷണം നൽകണംമെന്ന് ഡി.എഫ്.ഒ, റേയ്ഞ്ചർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. - കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY