
ഇരിട്ടി : പുലിഭീഷണി ശക്തമായ ആറളം പഞ്ചായത്തിലെ ചതിരൂർ നീലായി മേഖലകളിൽ നാട്ടുകാരുടെ ഭീതിയകറ്റാൻ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞില്ല. ആറളം ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് ചതിരൂറിലും നീലായിലും ഒന്നുവീതം ക്യാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചത്. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയുടെ അദ്ധ്യക്ഷതയിൽ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും വനംവകുപ്പിന്റെയും യോഗം ചേർന്ന് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൂട് സ്ഥാപിച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ് നിലപാടെടുക്കുകയായിരുന്നു.
ആ കാൽപ്പാട് പുലിയുടേതല്ല
നാട്ടുകാർ കാണിച്ചുകൊടുത്ത കാൽപാട് പുലിയുടേതല്ലെന്ന് വനംവകുപ്പുദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ കീഴ്പ്പള്ളി സെക്ഷൻ ഉദ്യോഗസ്ഥർ രാത്രി മേഖലയിൽ പട്രോളിംഗ് നടത്തയിരുന്നു.
നാട്ടുകാരായ റോബിൻസ്, തോമസ് എന്നിവർ പുലിയെ നേരിൽ കണ്ടതായും ചുണ്ടംതടത്തിൽ ബിനോയി , പുതുപ്പറമ്പിൽ തങ്കച്ചൻ എന്നിവരുടെ രണ്ട് വളർത്തു നായകളെ പുലി പിടികൂടിയതായുമുള്ള പരാതിയെ തുടർന്നാണ് വനംവകുപ്പ് അടിയന്തിര ഇടപെടൽ നടത്തിയത്.
ചതിരൂരിലും നീലായിയിലും അടിക്കാടുകൾ തെളിക്കും
പുലിയടക്കമുള്ള വന്യജീവികളുടെ കടന്നുകയറ്റം തടയാൻ ചതിരൂരിലെയും നീലായിയിലെയും വനാതിർത്തിയിലുള്ള അടിക്കാടുകൾ വെട്ടിത്തെളിക്കും. അറ്റകുറ്റ പണികൾ പൂർത്തിയാക്കി സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറി കിടക്കുന്ന പറമ്പുകൾ അടിയന്തിരമായി വെട്ടിതെളിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ പരിശോധന തുടരുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |