
കണ്ണൂർ: കക്ഷി രാഷ്ട്രീയത്തിനതീതമായി കണ്ണൂരിന്റെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുമെന്ന് കോർപറേഷൻ മേയർ പി. ഇന്ദിര. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് പുറമെ കഴിഞ്ഞ ഭരണസമിതിയുടെ വികസന,ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസിൽ
മേയർ പറഞ്ഞു.
നഗരത്തിൽ ജൈവമാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ഉടനുണ്ടാകും. ജൈവമാലിന്യപ്രശ്നത്തിൽ ജനം വലിയ ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണിത്. ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീട് നിർമ്മിച്ച് നൽകാനുള്ള നടപടികൾ ഈ ഭരണസമിതി തുടരും. കോർപറേഷൻ പരിധിയിലെ 115 പേർക്ക് വീട് വെക്കാൻ സ്ഥലം നൽകി. 823 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.കോർപറേഷൻ പരിധിയിൽ സട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും.
ജവഹർ സ്റ്റേഡിയം നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയ മേയർ ഈ കെട്ടിടത്തിലുള്ളവരെ പുനരധിവസിപ്പിക്കുമെന്നും ഉറപ്പുനൽകി.കോർപറേഷന്റെ തനത് വരുമാനം വർദ്ധിപ്പിക്കാനാവശ്യമായ വ്യാപാര സമുച്ചയങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് പറഞ്ഞ മേയർ സൗത്ത് ബസാറിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്ന പ്രവൃത്തി അടുത്ത ദിവസം തന്നെ തുടങ്ങുമെന്നും വിശദീകരിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രഷറർ സതീശൻ എന്നിവർ സംബന്ധിച്ചു.
പയ്യാമ്പലത്ത് ആധൂനിക ശ്മശാനം
പയ്യാമ്പലത്ത് ആധുനിക ശ്മശാനം പണിയുമെന്ന് പറഞ്ഞ മേയർ ഇതിനായി നാട്ടുകാരെയും വിദഗ്ധരെയും ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കുമെന്നും വിശദീകരിച്ചു. നേരത്തെയുള്ള കരാർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയാണ്. മരക്കാർക്കണ്ടിയിലെ മാലിന്യനിർമ്മാർജന പ്ലാന്റുമായ ബന്ധപ്പെട്ട ആരോപണങ്ങളിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം നടത്തിയത്. എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി.
രണ്ടുകിലോമീറ്ററിൽ പൊതുശൗച്യാലയം
നഗരത്തിൽ പൊതുശൗചാലയമില്ലെന്ന ആക്ഷേപത്തിന് ആറുമാസത്തിനകം പരിഹാരമാകും. കോർപറേഷൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താത്തതാണ് പ്രശ്നം. വിവിധ സംഘടനകളുമായി ആലോചിച്ച് സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഉടൻ. ഓരോ രണ്ടുകിലോ മീറ്റർ പരിധിയിലും ശൗചാലയങ്ങൾ നിർമ്മിക്കും. ഇതിനായി സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തും.
പദ്ധതികൾ വേറെയും
വഴിയോര വിശ്രമകേന്ദ്രങ്ങൾ, പകൽ വീടുകൾ എന്നിവ ഇല്ലാത്തിടത്ത് സ്ഥലം കണ്ടെത്തി നിർമ്മിക്കും
പാറക്കണ്ടിയിൽ ജനകീയ ഹോട്ടൽ ഉടൻ പൂർത്തിയാക്കും
തെരുവുനായ ശല്യത്തിനെതിരേ ശക്തമായ നടപടി
പഴയ ബസ് സ്റ്റാൻഡ് പൊളിച്ച് മാറ്റി വ്യാപാര സമുച്ചയം
പയ്യാമ്പലം ബീച്ച് ടൂറിസത്തിനായി പുതിയ പദ്ധതികൾ
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായി കണ്ണൂർ: കോർപറേഷൻ പുതിയ ഭരണസമിതിയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. നാല് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ കോൺഗ്രസിനും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഡെപ്യൂട്ടി മേയർ കെ.പി .താഹിർ ഉൾപ്പെടെ നാല് അദ്ധ്യക്ഷന്മാരെ മുസ്ലിം ലീഗിനും ലഭിച്ചു. അഡ്വ.ലിഷാ ദീപക്(വികസനകാര്യം), ശ്രീജ മഠത്തിൽ (ആരോഗ്യം), അഡ്വ.സോന ജയറാം (വിദ്യാഭ്യാസം), റിജിൽ മാക്കുറ്റി (പൊതുമരാമത്ത്), പി.ഷമീമ(നഗരാസൂത്രണം), വി.കെ. മുഹമ്മദലി (നികുതി അപ്പീൽ), റിഷാം താണ (ക്ഷേമകാര്യം) എന്നിവരെയാണ് തിരഞ്ഞെടുത്തത്. എ.ഡി.എം കലാ ഭാസ്‌ക്കറുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |