
ഇരിട്ടി:കാടിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസ്സുകളിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിച്ച് വനംവകുപ്പ്. ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാരാണ് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് രംഗത്തിറങ്ങിയത്.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പത്തിന കർമ്മപദ്ധതിയിലെ മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാർ 25 ഓളം ചെക്ക് ഡാമുകൾ ആണ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളത്. വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കാനുള്ള സ്ഥിരം കുളങ്ങൾക്കും ചെക്ക് ഡാമുകൾക്കും പുറമെയാണ് വേനൽക്കാലം മുൻനിർത്തി ഇത്തരം താൽക്കാലിക തടയണുകൾ കൂടി നിർമ്മിക്കുന്നത്.
കാട്ടിനകത്ത് തന്നെ കുടിവെള്ളം ലഭ്യമായാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ കുറക്കാൻ ആവും.
ബ്രഷ് വുഡ് ചെക്ക് ഡാം വേനലിൽ സംഭരിക്കും,മഴയിൽ തകരും
കാടുകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഉണങ്ങിയ തടികൾ ചുള്ളിക്കമ്പുകൾ കരിയില മണ്ണ് തുടങ്ങിയ ഉപയോഗിച്ചാണ് ബ്രഷ് വുഡ് ചെക്ക് ഡാം എന്ന താൽക്കാലിക തടയണകൾ നിർമ്മിക്കുന്നത്. കുടിവെള്ളം ഉറപ്പാക്കുന്നതിനോടൊപ്പം വനത്തിനകത്ത് മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും താൽക്കാലിക തടയണുകൾ സഹായിക്കുന്നു.മഴക്കാലം വന്നതിനോട് കൂടി നീരുറവകളിലെ ഒഴുക്ക് സ്വാഭാവികമാകുമ്പോൾ ഇവ തകർന്നു പോവുകയും സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |