
തളിപ്പറമ്പ്: പരിശീലനം പൂർത്തിയാക്കിയ 369 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്നു. സംസ്ഥാന പോലീസ് മേധാവി റവദ ആസാദ് ചന്ദ്രശേഖർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
എം.എസ്.പി, കെ.എ.പി അഞ്ചാം ബറ്റാലിയൻ എന്നിവയിൽ നിന്നായി 127 പേരും കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് 132 പേരും കെ.എ.പി നാലാം ബറ്റാലിയനിൽ നിന്ന് 95 പേരും, ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് 15 പേരുമാണ് പാസ്സിംഗ് ഔട്ട് പരേഡിലൂടെ ഔദ്യോഗികമായി സേനയുടെ ഭാഗമായി മാറിയത്. പന്ത്രണ്ട് പ്ലാറ്റൂണുകളായി ക്രമീകരിച്ചായിരുന്നു സേനാംഗങ്ങളുടെ പരേഡ്.
വിവിധ സേനാ വിഭാഗങ്ങളുടെ കമാൻഡന്റുമാരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചു.എം.എസ്.പി വിഭാഗത്തിൽ പരിശീലനം പൂർത്തിയാക്കിയ കെ.എസ്.ശരത്തും കെ.എ.പി നാലാം ബറ്റാലിയനിലെ സാഹിൽ ബാബുവും പരേഡിന്റെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.പരിശീലനത്തിൽ മികവ് പുലർത്തിയ സേനാംഗങ്ങൾക്ക് സംസ്ഥാന പൊലീസ് മേധാവി ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
പുതുതായി സേനയുടെ ഭാഗമായവരിൽ 24 ബിരുദാനന്തര ബിരുദധാരികളും, ആറ് എം.ബി.എ ബിരുദധാരികളും, 15 ബി.ടെക് ബിരുദധാരികളും 180 ബിരുദധാരികളും,മൂന്ന് ബി.എഡ് ബിരുദധാരികളും 34 ഡിപ്ലോമക്കാരും 107 പ്ലസ് ടു,ഐ.ടി.ഐ യോഗ്യതയുള്ളവരുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |